ഷാഫി സംവിധാനം ചെയ്ത പക്കാ ആക്ഷൻ-കോമഡി എന്റർടൈനറാണ് മായാവി. സാധാരണ കോമഡി വേഷങ്ങൾ അങ്ങനെ ഇങ്ങനെ ഒന്നും ചെയ്യാത്ത മമ്മൂട്ടി ഇതിൽ കോമഡി വേഷത്തിൽ പൂണ്ടുവിളയാട്ടമാണ് നടത്തിയത്. ജയിൽ നിന്ന് സ്വാതന്ത്ര്യ ദിനത്തിൽ നടന്ന നറുക്കെടുപ്പിലൂടെ പുറത്തുവന്ന മഹിക്ക് ചില കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. അയാളുടെ ലക്ഷ്യം വിജയിക്കുമോ എന്നതാണ് ഈ സിനിമ പങ്കുവെച്ച ചോദ്യം.
മഹി എന്ന മായാവിയായി മമ്മൂട്ടി നിറഞ്ഞാടിയപ്പോൾ സുരാജ് വെഞ്ഞാറമൂട്, സായ് കുമാർ, സലിം കുമാർ മനോജ് കെ. ജയൻ, ഗോപിക, എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. വേണ്ടപ്പെട്ടവർക്ക് ബുദ്ധിമുട്ട് ഉണ്ടായാൽ, അവരെ ബുദ്ധിമുട്ടിച്ചവരെ മായാവിയെ പോലെ അദൃശ്യനായി വന്ന് കൈകാര്യം ചെയ്യുന്നതിനാലാണ് മായാവി എന്ന ഓമനപ്പേര് മമ്മൂട്ടിക്ക് ലഭിക്കുന്നത്.
ചിത്രത്തിൽ വില്ലന്മാരെ അടിച്ചു പഞ്ചറാക്കി അവരുടെ വീട്ടിൽ ഒന്നും അറിയാത്തവരെ പോലെ നിൽക്കുന്ന മാഹിയുടെ ഒരു രംഗമുണ്ട്. വില്ലന്മാരിൽ ആർക്കും തങ്ങളെ തല്ലിയ മഹിയാണ് ഈ മായാവി എന്ന് അറിയുകയും ഇല്ല. അതിനിടയിൽ വില്ലന്മാരുടെ സഹായിയായ സ്‌ഫടികം ജോർജ് അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രം അവിടേക്ക് വരുന്നു. മായാവിയെ ഇതുവരെ ആരും കണ്ടിട്ടില്ലാത്തതിനാൽ അയാളുടെ പ്രത്യേകത അയാൾ ചോദിക്കുന്നുണ്ട്. ഒരു തരം അടഞ്ഞ ശബ്ദം ആണെന്ന് പറയുമ്പോൾ അപ്പുറത്ത് നിന്ന മഹിയോട് എവിടെ നിന്നാണ് വന്നത്, വീട് എവിടെ എന്ന കാര്യമൊക്കെ അടഞ്ഞ ശബ്ദത്തിൽ പറയാൻ അയാൾ ആവശ്യപ്പെടുന്നു.
അപ്പോൾ മഹി അടഞ്ഞ ശബ്ദത്തിൽ നമുക്ക് പെട്ടെന്ന് കേട്ടാൽ വ്യക്തമാകാത്ത രീതിയിൽ എന്തോ പറയുന്നുണ്ട്. ഈ മഹിയല്ല മായാവി എന്ന് വില്ലന്മാർ പറയുമ്പോഴും അയാൾ അടഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്നത് തുടരുന്നുണ്ട്. എന്നാൽ ഇനി നിങ്ങൾ ആ രംഗം കാണുമ്പോൾ ഒന്ന് കൂടി ശ്രദ്ധിക്കണം, മമ്മൂട്ടി അവിടെ പറയുന്നത് ചെമ്പിലെ സ്വന്തം വീടിന്റെ അഡ്രസ് ആണ്:
” നേരെ നമ്മൾ കോട്ടയം ബസ് സ്റ്റാൻഡിൽ ചെന്ന് കോട്ടയം ടൗണിൽ നിന്ന് വൈക്കത്തേക്ക് 11 രൂപ ടിക്കറ്റെടുത്ത് ഒന്നര മണിക്കൂർ കഴിയുമ്പോൾ നമ്മൾ വൈക്കത്ത് എത്തും സർ. വൈക്കത്ത് എത്തുമ്പോൾ പഴയ മുസ്‌ലിം പള്ളിയുണ്ട്. പള്ളിയുടെ അവിടെ നിന്ന് നമ്മൾ പുറകോട്ടേക്ക് നടക്കണം.” ഇത് അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോകുന്ന വഴി തന്നെയാണ്.
മായാവി സംസാരിക്കുമ്പോൾ ഉള്ള അടഞ്ഞ ശബ്ദവുമായി യാതൊരു ബന്ധവും ഇല്ലാതെയാണ് അദ്ദേഹം ഇവിടെ സംസാരിക്കുന്നത്.













Discussion about this post