കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് ഐടി സെൽ മേധാവി പ്രതീക് ജെയിനിന്റെ വീട്ടിൽ ഇഡി റെയ്ഡ്. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലായിരുന്നു പ്രതീക് ജെയിനിന്റെ ഓഫീസിലും വീട്ടിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് ചെയ്തത്. റെയ്ഡ് വാർത്ത അറിഞ്ഞ ഉടൻതന്നെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സംഭവം സ്ഥലത്തേക്ക് ഓടിയെത്തി. പാർട്ടിയുടെ ചില പ്രധാന ഫയലുകളും ഹാർഡ് ഡിസ്കുകളും ഉൾപ്പെടെ ഇഡി പിടിച്ചെടുത്തതായാണ് മമത ആരോപണമുന്നയിക്കുന്നത്.
പാർട്ടിയുമായി ബന്ധപ്പെട്ട ആഭ്യന്തര രേഖകളും ഹാർഡ് ഡിസ്കുകളും ഇഡി പിടിച്ചെടുത്തതായി മമതാ ബാനർജി ആരോപിച്ചു. പാർട്ടിയുടെ രേഖകളും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഞങ്ങളുടെ സ്ഥാനാർത്ഥികളുടെ വിശദാംശങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്കുകളും ഇഡി പിടിച്ചെടുത്തുവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ഇതിനെല്ലാം പിന്നിൽ എന്നും മമത കുറ്റപ്പെടുത്തി.
ആഭ്യന്തര മന്ത്രിയുടെ ഏറ്റവും നിന്ദ്യമായ പ്രവൃത്തിയാണിതെന്നും ബംഗാൾ മുഖ്യമന്ത്രി ആരോപിച്ചു.
രേഖകളെല്ലാം ഇഡി പിടിച്ചെടുത്ത് ബിജെപിക്ക് കൈമാറാൻ പോകുകയാണെന്ന് മമത മാധ്യമപ്രവർത്തകരോട് പറഞ്ഞു. മമത ബാനർജിയുടെ റെയ്ഡ് സ്ഥലത്തെ സന്ദർശനം ഭരണഘടനാ വിരുദ്ധവും കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിലെ ഇടപെടലുമാണെന്ന് പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ ഇഡി നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.










Discussion about this post