കണ്ണൂർ കണ്ണാടിപ്പറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം ആലപിച്ചത് തടഞ്ഞ് ഡിവെെഎഫ്ഐ. ‘പരമ പവിത്രമതാമീ മണ്ണിൽ’ എന്ന ഗണഗീതം ഗായകസംഘം പാടി തുടങ്ങിയതോടെ ഡിവൈഎഫ്ഐ പ്രവർത്തകർ വേദിയിലേക്ക് അതിക്രമിച്ചു കയറുകയും പാട്ട് പാടുന്നത് തടയുകയും ചെയ്തു. ഇതിനെത്തുടർന്ന് ഉത്സവപ്പറമ്പിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി.
തിങ്കളാഴ്ച രാത്രി നടന്ന ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ചുള്ള പരിപാടിക്കിടെയായിരുന്നു സംഭവം. തൃശ്ശൂരിൽ നിന്നുള്ള ‘പാട്ട് ഫാമിലി’ എന്ന ഗാനമേള സംഘമാണ് പരിപാടി അവതരിപ്പിച്ചത്.ഭക്തജനങ്ങളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പിരിച്ചെടുത്ത പണം ഉപയോഗിച്ച് നടത്തുന്ന ഉത്സവത്തിൽ ആർഎസ്എസ് അജണ്ട നടപ്പിലാക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
ഗണഗീതം പകുതിയായപ്പോൾ ഡിവൈഎഫ്ഐ കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖലാ പ്രവർത്തകർ സ്റ്റേജിൽ കയറി മൈക്ക് തടഞ്ഞു. ഇതോടെ പാട്ട് പൂർത്തിയാക്കാതെ ഗായകർക്ക് പിന്മാറേണ്ടി വന്നു.ക്ഷേത്രങ്ങളെ രാഷ്ട്രീയവൽക്കരിക്കാനുള്ള ആർഎസ്എസ് നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്നും വർഗീയവാദികളുടെ ഇത്തരം ശ്രമങ്ങളെ ജനം തിരിച്ചറിയണമെന്നും ഡിവൈഎഫ്ഐ നേതൃത്വം വ്യക്തമാക്കി.
ദേശഭക്തി ഗാനങ്ങൾ പാടുന്നത് എങ്ങനെയാണ് രാഷ്ട്രീയ അജണ്ടയാകുന്നതെന്നാണ് വിശ്വാസികൾക്കിടയിൽ ഉയരുന്ന ചോദ്യം. ഹൈന്ദവ ആഘോഷങ്ങളിൽ ഭാരതത്തിന്റെ മണ്ണും പൈതൃകവും വാഴ്ത്തുന്ന ഗാനങ്ങൾ പാടുന്നത് പണ്ടേയുള്ള പാരമ്പര്യമാണെന്നും ഇതിനെ വർഗീയമായി ചിത്രീകരിക്കുന്നത് സങ്കുചിത രാഷ്ട്രീയമാണെന്നും ഭക്തർ ചൂണ്ടിക്കാട്ടുന്നു. കലയെയും കലാകാരന്മാരെയും സ്റ്റേജിൽ കയറി തടയുന്നത് ഫാസിസ്റ്റ് നടപടിയാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. ഭാരതത്തിന്റെ മണ്ണിലെ പുണ്യത്തെക്കുറിച്ച് പാടാൻ ഭാരതത്തിൽ അനുവാദം വേണോ എന്നാണ് ഇവരുടെ ചോദ്യം.













Discussion about this post