വളർത്തുപശു പേപ്പട്ടിയുടെ കടിയേറ്റ് ചത്തതിലുള്ള കടുത്ത മനോവിഷമത്തെ തുടർന്ന് കർഷകൻ വിഷം കഴിച്ച് ജീവനൊടുക്കി. മുളിയാർ പാണൂർ ബാലനടുക്കയിലെ നാരായണൻ (80) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ചെങ്കള സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
നാട്ടിലെ അറിയപ്പെടുന്ന നെല്ല്-കവുങ്ങ് കർഷകനും ക്ഷീരകർഷകനുമായിരുന്നു നാരായണൻ. കഴിഞ്ഞ ഡിസംബർ 31-നാണ് നാരായണന്റെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ സംഭവമുണ്ടായത്. വീടിന് സമീപത്തെ വയലിൽ കെട്ടിയിട്ടിരുന്ന രണ്ട് വയസ്സുള്ള പശുവിനെ അലഞ്ഞുതിരിഞ്ഞെത്തിയ പേപ്പട്ടി കടിക്കുകയായിരുന്നു. പശുവിനെ കടിച്ച നായയെ രണ്ട് ദിവസത്തിന് ശേഷം സമീപത്തെ പറമ്പിൽ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പുകൾ കൃത്യമായി എടുത്തിരുന്നെങ്കിലും ജനുവരി 18-ഓടെ പശു ചത്തു. മക്കളെപ്പോലെ വളർത്തിയ പശു അപ്രതീക്ഷിതമായി ചത്തത് നാരായണനെ മാനസികമായി തളർത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു.
വ്യാഴാഴ്ച രാവിലെ വീടിന് സമീപത്തെ പറമ്പിൽ നാരായണനെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. വിഷം അകത്തുചെന്നതായി സംശയം തോന്നിയതിനെ തുടർന്ന് ഉടൻ തന്നെ ചെങ്കളയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘകാലം വിദ്യാനഗർ കാംപ്‌കോ ശാഖയിലെ തൊഴിലാളിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.













Discussion about this post