ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ സഞ്ജു സാംസണിന്റെ മോശം ഫോമിനെക്കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ. സഞ്ജു ഒരു സീനിയർ താരമാണെന്നും അദ്ദേഹത്തിന് അർഹമായ റൺസ് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും പരിശീലകൻ സമ്മതിച്ചു.
തിരുവനന്തപുരത്തെ അഞ്ചാം ടി20-ക്ക് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിലാണ് പരിശീലകൻ സഞ്ജുവിനെക്കുറിച്ച് സംസാരിച്ചത്:
“സഞ്ജു ഒരു സീനിയർ താരമാണ്. പക്ഷേ, അദ്ദേഹം സ്കോർ ചെയ്യേണ്ടത്ര റൺസ് ഈ പരമ്പരയിൽ ഇതുവരെ നേടിയിട്ടില്ല എന്നത് സത്യമാണ്. താരത്തെ നല്ലൊരു മാനസികാവസ്ഥയിൽ നിലനിർത്തുക എന്നതാണ് ടീം മാനേജ്‌മെന്റിന്റെ ജോലി. ”
“സഞ്ജുവിന്റെ കഴിവിനെക്കുറിച്ച് ഞങ്ങൾക്ക് കൃത്യമായ ധാരണയുണ്ട്. അദ്ദേഹത്തിന് എന്ത് ചെയ്യാൻ സാധിക്കുമെന്ന് ഞങ്ങൾക്കറിയാം.” പരിശീലകൻ പറഞ്ഞു.
തുടർച്ചയായ നാല് മത്സരങ്ങളിൽ നിന്നായി വെറും 40 റൺസ് മാത്രമാണ് സഞ്ജു നേടിയതെങ്കിലും, ടീം മാനേജ്‌മെന്റ് അദ്ദേഹത്തിന് അനുകൂലമാണെന്ന സൂചനയാണ് പരിശീലകന്റെ വാക്കുകൾ നൽകുന്നത്. സ്വന്തം തട്ടകമായ തിരുവനന്തപുരത്ത് സഞ്ജുവിന് പ്ലെയിംഗ് ഇലവനിൽ സ്ഥാനം ലഭിക്കാനുള്ള സാധ്യത ഇതോടെ വർദ്ധിച്ചിരിക്കുകയാണ്.
പരമ്പര ഇതിനോടകം ഇന്ത്യ സ്വന്തമാക്കിയതിനാൽ (3-1), ലോകകപ്പിന് മുമ്പ് വ്യത്യസ്ത കോമ്പിനേഷനുകൾ പരീക്ഷിക്കാൻ ടീം മാനേജ്‌മെന്റ് മുതിർന്നേക്കാം. ഈ സാഹചര്യത്തിൽ ഫോമിലുള്ള അഭിഷേക് ശർമ്മയ്ക്ക് വിശ്രമം നൽകി സഞ്ജുവിനെയും ഇഷാനെയും ഒരുമിച്ച് ഓപ്പണർമാരായി ഇറക്കിയേക്കും. ഇരുവരും വിക്കറ്റ് കീപ്പർമാരായതിനാൽ, ആരായിരിക്കും ഗ്ലൗസ് അണിയുക എന്നത് പ്രധാനമാണ്. ഇഷാൻ കിഷനെ വിക്കറ്റ് കീപ്പർ ഓപ്പണറായി പരീക്ഷിക്കണമെന്ന് പാർത്ഥിവ് പട്ടേലിനെപ്പോലുള്ളവർ അഭിപ്രായപ്പെട്ടിട്ടുണ്ട്.












Discussion about this post