ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ സഞ്ജു സാംസണിന്റെ മോശം ഫോമിനെക്കുറിച്ച് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ നടത്തിയ വിശകലനം ഇപ്പോൾ ചർച്ചയാവുകയാണ്. സഞ്ജു നേരിടുന്ന മാനസികവും സാങ്കേതികവുമായ വെല്ലുവിളികളെക്കുറിച്ചാണ് അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിച്ചത്.
മികച്ച കളിക്കാരനായതുകൊണ്ടാണ് സഞ്ജു ഈ നിലയിൽ എത്തിയതെന്ന് അശ്വിൻ ഓർമ്മിപ്പിച്ചു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ മനസ്സ് ഒരുപാട് ചിന്തകളാൽ അസ്വസ്ഥമാണ്. മനസ്സ് ശാന്തമല്ലെങ്കിൽ പന്തിന്റെ ലൈനും ലെങ്തും കൃത്യമായി മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് അശ്വിൻ നിരീക്ഷിക്കുന്നു.
സഞ്ജുവിന്റെ ബാറ്റിംഗിലെ ഒരു സാങ്കേതിക പ്രശ്നവും അശ്വിൻ ചൂണ്ടിക്കാട്ടി. സഞ്ജുവിന് ‘ബാക്ക് ആൻഡ് അക്രോസ്’ മൂവ്‌മെന്റ് ഇല്ലാത്തതിനാൽ ബൗളർമാർ അദ്ദേഹത്തിന് നേരെ മിഡിൽ-ലെഗ് ലൈനിൽ പന്തെറിയുകയാണ്. ഇത് അദ്ദേഹത്തെ പ്രതിരോധത്തിലാക്കുന്നു. സഞ്ജുവിനെ മിഡിൽ ഓർഡറിലേക്ക് മാറ്റുന്നതിനോട് അശ്വിൻ യോജിക്കുന്നില്ല. ഒരു കളിക്കാരന് വേണ്ടി മാത്രം പ്രത്യേക സ്ലോട്ട് ഉണ്ടാക്കുന്നത് ശരിയല്ല. ചിലപ്പോൾ ടീമിന് പുറത്തിരുന്ന് കാര്യങ്ങൾ നിരീക്ഷിക്കുന്നത് ഒരു കളിക്കാരനെ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡഗൗട്ടിൽ ഇഷാൻ കിഷൻ അവസരത്തിനായി കാത്തിരിക്കുന്നത് സഞ്ജുവിന്റെ മേലുള്ള സമ്മർദ്ദം വർദ്ധിപ്പിക്കുന്നു. സഞ്ജു ഇപ്പോൾ ഒരു നൂൽപ്പാലത്തിലൂടെയാണ് നടക്കുന്നത്. എങ്കിലും ബൗളർമാരെ സമ്മർദ്ദത്തിലാക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട് എന്നത് ശുഭസൂചനയാണെന്നും അശ്വിൻ കൂട്ടിചേർത്തു.
സഞ്ജുവിനെ പിന്തുണച്ച അശ്വിനിൽ നിന്ന് വ്യത്യസ്തമായി, യുസ്‌വേന്ദ്ര ചഹൽ കുറച്ചുകൂടി കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഒരു അന്താരാഷ്ട്ര താരത്തിന് സമ്മർദ്ദം ഒരു ഒഴികഴിവല്ലെന്നും ഇത്രയും അവസരങ്ങൾ ലഭിക്കുമ്പോൾ പ്രകടനം അനിവാര്യമാണെന്നും ചഹൽ വ്യക്തമാക്കി.












Discussion about this post