2026 ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ യുവ ഓപ്പണർ അഭിഷേക് ശർമ്മയെ പ്രശംസ കൊണ്ട് മൂടി ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗ്. ലോകകപ്പിൽ അഭിഷേക് ഒരു വമ്പൻ താരമായി ഉദിച്ചുയരുമെന്നും ടൂർണമെന്റിലെ മികച്ച താരമാകാൻ സാധ്യതയുണ്ടെന്നും പോണ്ടിംഗ് പ്രവചിച്ചു.
ഐസിസി റിവ്യൂവിന്റെ പുതിയ എഡിഷനിലാണ് പോണ്ടിംഗ് തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചത്. വരാനിരിക്കുന്ന ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം അഭിഷേക് ശർമ്മയായിരിക്കുമെന്ന് പോണ്ടിംഗ് വിശ്വസിക്കുന്നു. റൺവേട്ടയിൽ മുന്നിലെത്തുന്നതിനൊപ്പം ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്കാരം നേടാനും അഭിഷേകിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ഐസിസി ടൂർണമെന്റുകളിൽ കളിച്ചുള്ള മുൻപരിചയമില്ലാത്തത് അഭിഷേകിന് സമ്മർദ്ദമില്ലാതെ കളിക്കാൻ സഹായിക്കുമെന്നും അതൊരു പോസിറ്റീവ് വശമാണെന്നും പോണ്ടിംഗ് കൂട്ടിചേർത്തു. അഭിഷേക് തിളങ്ങിയാൽ ഇന്ത്യയെ തോൽപ്പിക്കുക അസാധ്യമായിരിക്കും, എന്നാൽ അദ്ദേഹം പരാജയപ്പെട്ടാൽ ഇന്ത്യ മറ്റ് ടീമുകളെപ്പോലെ ദുർബലരാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഡൽഹി ഡയർ ഡെവിൾസിൽ അഭിഷേക് അരങ്ങേറുമ്പോൾ പോണ്ടിംഗായിരുന്നു പരിശീലകൻ. 17-ാം വയസ്സിൽ ഡൽഹിക്കായി കളിച്ച ആദ്യ പന്തിൽ തന്നെ ബൗളറുടെ തലയ്ക്ക് മുകളിലൂടെ സിക്സർ പറത്തിയപ്പോഴേ അഭിഷേകിലെ സൂപ്പർ താരത്തെ താൻ തിരിച്ചറിഞ്ഞതായി പോണ്ടിംഗ് ഓർത്തെടുത്തു.
അഭിഷേകിനെ ടീമിൽ നിന്ന് റിലീസ് ചെയ്യരുതെന്ന് താൻ അന്ന് മാനേജ്‌മെന്റിനോട് അപേക്ഷിച്ചിരുന്നുവെന്നും എന്നാൽ അവർ അത് കേട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.












