ടി20 ലോകകപ്പ് ആവേശകരമായി മുന്നേറുന്നതിനിടെ, താരങ്ങളുടെ ശ്രദ്ധ കളിയിൽ മാത്രം നിലനിർത്താനാണ് ബിസിസിഐ ഈ കടുത്ത തീരുമാനമെടുത്തത്. താരങ്ങളുടെ ഭാര്യമാർക്കും പ്രതിശ്രുത വധുക്കൾക്കും ഒപ്പം താമസിക്കാൻ അനുമതി നൽകണമെന്ന് ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടെങ്കിലും ബോർഡ് അത് കർശനമായി തള്ളുകയായിരുന്നു.
കഴിഞ്ഞ വർഷങ്ങളിൽ വിദേശ മണ്ണിലേറ്റ തിരിച്ചടികളാണ് ബിസിസിഐയെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. 2024-25 ബോർഡർ ഗാവസ്കർ ട്രോഫിയിലെ തോൽവിക്ക് ശേഷം നടത്തിയ അവലോകനത്തിൽ, കുടുംബാംഗങ്ങൾക്കൊപ്പമുള്ള തിരക്കുകൾ കാരണം ചില താരങ്ങൾ ടീം മീറ്റിംഗുകളിൽ പങ്കെടുക്കാത്തത് ശ്രദ്ധയിൽപ്പെട്ടിരുന്നു.
45 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന വിദേശ പര്യടനങ്ങളിൽ മാത്രമേ താരങ്ങൾക്കൊപ്പം 14 ദിവസം വരെ കുടുംബാംഗങ്ങളെ താമസിക്കാൻ അനുവദിക്കൂ എന്ന നിലവിലെ നയം ലോകകപ്പിനും ബാധകമാക്കിയിട്ടുണ്ട്. കുടുംബത്തെ അകറ്റിനിർത്തുമ്പോഴും താരങ്ങളുടെ ആരോഗ്യകാര്യത്തിലും മറ്റും ബോർഡ് വിട്ടുവീഴ്ച ചെയ്തിട്ടില്ല. വേദികളിലേക്കുള്ള യാത്രയ്ക്കായി ചാർട്ടർ ചെയ്ത സ്വകാര്യ വിമാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
കളിക്കാരുടെ ഭക്ഷണക്രമം കൃത്യമായി പാലിക്കാൻ വ്യക്തിഗത ഷെഫുമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. വാംഖഡെ സ്റ്റേഡിയത്തിൽ അമേരിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ കിരീട പ്രതിരോധം തുടങ്ങിയത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് ടീമിനെ മുന്നിൽ നിന്ന് നയിക്കുന്നത്. നമീബിയയ്‌ക്കെതിരെ ഡൽഹിയിൽ നടക്കുന്ന മത്സരമാണ് ഇന്ത്യയുടെ അടുത്ത പോരാട്ടം.












