താരസംഘടനയായ ‘അമ്മ’യുടെ (AMMA) ജനറൽ ബോഡി യോഗത്തിൽ അരങ്ങേറിയ നാടകീയ സംഭവങ്ങളുടെയും നടി ശ്വേതാ മേനോന്റെ അപ്രതീക്ഷിത രാജിക്ക് പിന്നിലെയും ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങൾ വെളിപ്പെടുത്തി നടി ലക്ഷ്മിപ്രിയ രംഗത്ത്. സിനിമാ മേഖലയിൽ, ഭാരതീയ ജനതാ പാർട്ടിയോടും (BJP) ദേശീയ പ്രസ്ഥാനങ്ങളോടും അനുഭാവം പുലർത്തുന്നവർക്കെതിരെ നടക്കുന്ന ആസൂത്രിതമായ രാഷ്ട്രീയ അയിത്തവും വിവേചനവുമാണ് ലക്ഷ്മിപ്രിയ തുറന്നടിച്ചിരിക്കുന്നത്. ബിജെപിക്ക് വേണ്ടി സ്ഥാനാർത്ഥികളെ കണ്ടെത്താൻ ശ്വേതാ മേനോൻ പണം വാങ്ങി എന്ന രീതിയിൽ ഉയർന്ന വ്യാജവും സങ്കുചിതവുമായ ആരോപണങ്ങളാണ് അവരെ കടുത്ത വേദനയോടെ രാജിയിലേക്ക് നയിച്ചതെന്ന് ലക്ഷ്മിപ്രിയ വെളിപ്പെടുത്തി. മറ്റ് രാഷ്ട്രീയ പാർട്ടികളിൽ പരസ്യമായി പ്രവർത്തിക്കുന്ന പ്രമുഖ നടന്മാർക്കൊന്നുമില്ലാത്ത എന്ത് അയിത്തമാണ് തങ്ങൾക്കെതിരെ മാത്രം പ്രയോഗിക്കുന്നതെന്ന് ലക്ഷ്മിപ്രിയ ചോദിക്കുന്നു.
ദേശീയ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നവരെ വേട്ടയാടുന്ന താരസംഘടനയിലെ ഇടതുപക്ഷ പ്രീണനത്തെയും വിവേചനത്തെയും ശക്തമായി ചോദ്യം ചെയ്തുകൊണ്ട് മമ്മൂട്ടി, സിദ്ദീഖ്, ജഗദീഷ്, രമേശ് പിഷാരടി തുടങ്ങിയ പ്രമുഖ താരങ്ങളുടെ പേരുകൾ എടുത്തുപറഞ്ഞാണ് ലക്ഷ്മിപ്രിയ പ്രതികരിച്ചത്. ബിജെപിക്ക് സ്ഥാനാർഥികളെ കൊടുക്കാൻ വേണ്ടി അമ്മയുടെ വൈസ് പ്രസിഡന്റ് പദവിയിലിരുന്ന ശ്വേതാ മേനോൻ പ്രവർത്തിക്കുന്നുവെന്നും, ഇതിനായി അവർ കമ്മീഷൻ വാങ്ങിയെന്നും ഒരു തെളിവുമില്ലാതെ യോഗത്തിൽ ആരോപിക്കുകയായിരുന്നു. താനും അഞ്ജലി നായരുമൊക്കെ ബിജെപിയുടെ സ്ഥാനാർഥികളായിരുന്നതിനെ മുൻനിർത്തിയാണ് ഈ കുത്സിത ശ്രമം നടന്നത്. ഒരു തെളിവുമില്ലാതെ വേട്ടയാടിയ ആ നിമിഷത്തിലാണ്, സംഘടനയ്ക്കായി ഏഴു മണിക്കൂറോളം പൊരുതി നിന്ന ശ്വേതാ മേനോൻ കടുത്ത വേദനയോടെ അമ്മയിലെ അംഗത്വം തന്നെ ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച് പടിയിറങ്ങിയത്.
ഇടതുപക്ഷത്തിന്റെ സഹയാത്രികനായിരുന്ന അന്തരിച്ച നടൻ ഇന്നസെന്റ് എംപിയായിരുന്നപ്പോഴും അമ്മയുടെ പ്രസിഡന്റായിരുന്നു, അന്ന് ആർക്കും ഒരു അയിത്തവും ഉണ്ടായിരുന്നില്ലെന്ന് ലക്ഷ്മിപ്രിയ ഓർമ്മിപ്പിക്കുന്നു. ഗണേഷ് കുമാർ കോൺഗ്രസിലും പിന്നീട് ഇടതുപക്ഷത്തിലും നിന്നുകൊണ്ട് എംഎൽഎയായി. മുകേഷ് ഇപ്പോഴും ഇടതുപക്ഷത്തിന്റെ സജീവ ജനപ്രതിനിധിയാണ്. മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടി എന്നും തന്റെ ഇടതുപക്ഷ ചായ്‌വ് തുറന്നുപറഞ്ഞിട്ടുള്ള വ്യക്തിയാണ്. നടൻ സിദ്ദീഖ് കോൺഗ്രസ് രാഷ്ട്രീയം പരസ്യമാക്കുന്നു. ജഗദീഷ് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചയാളാണ്. രമേശ് പിഷാരടി കോൺഗ്രസിന്റെ മുൻനിര പ്രചാരകനാണ്. ഇവർക്കാർക്കും ഇല്ലാത്ത എന്ത് അയിത്തവും അയോഗ്യതയുമാണ് ലക്ഷ്മിപ്രിയയ്ക്കും ശ്വേതാ മേനോനും അഞ്ജലി നായർക്കും മാത്രം ഇവിടെ കൽപ്പിച്ച് നൽകുന്നതെന്നാണ് ആളുകൾ ചോദിക്കുന്നത്.












