ന്യൂഡൽഹി : യുഎഇയിലെ ഡ്രോൺ-മിസൈൽ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റ സംഭവത്തിൽ കടുത്ത പ്രതിഷേധം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎഇയിലെ ഫുജൈറ തുറമുഖ നഗരത്തിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി മോദി പ്രഖ്യാപിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ യുഎഇക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണണമെന്ന് പ്രധാനമന്ത്രി ഇറാനോട് നിർദ്ദേശിച്ചു.
”യുഎഇക്ക് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് ഇതിൽ പരിക്കേറ്റു എന്നത് ഖേദകരമാണ്. സിവിലിയന്മാരെയും അടിസ്ഥാന സൗകര്യങ്ങളെയും ആക്രമിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ഈ ഘട്ടത്തിൽ ഇന്ത്യ യുഎഇക്കൊപ്പം ഉറച്ചുനിൽക്കുന്നു. നയതന്ത്ര ചർച്ചകളിലൂടെ സമാധാനപരമായ പരിഹാരം കാണണമെന്നാണ് ഇന്ത്യയുടെ നിലപാട്,” എന്ന് മോദി വ്യക്തമാക്കി. തിങ്കളാഴ്ചയാണ് ഫുജൈറ പെട്രോളിയം ഇൻഡസ്ട്രി സോണിന് (FOIZ) നേരെ ഇറാൻ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്.








