നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ യുഡിഎഫ് ക്യാമ്പിൽ മുഖ്യമന്ത്രി, മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്ക് ഔദ്യോഗിക തുടക്കം. വി.ഡി. സതീശന്റെ നേതൃത്വത്തെ പുകഴ്ത്തിയും വരാനിരിക്കുന്ന ഭരണത്തിൽ ലീഗിന്റെ നിർണ്ണായക സ്വാധീനം വ്യക്തമാക്കിയും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ രംഗത്തെത്തി. അഞ്ച് വർഷം പ്രതിപക്ഷ നേതാവെന്ന നിലയിൽ സതീശൻ തന്റെ ഉത്തരവാദിത്തം മികച്ച രീതിയിൽ നിറവേറ്റിയെന്നും യുഡിഎഫ് നേടിയ വിജയത്തിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിന് വലിയ പങ്കുണ്ടെന്നും തങ്ങൾ പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആണെന്നും, ആ തീരുമാനം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുമായി ആലോചിച്ച് മാത്രമെ എടുക്കുകയുള്ളൂവെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പി.കെ. കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയായേക്കുമെന്ന സൂചനകളും സാദിഖലി തങ്ങൾ പങ്കുവെച്ചു എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. യുഡിഎഫിനെ ശക്തിപ്പെടുത്തുന്നതിൽ അഹോരാത്രം അദ്ധ്വാനിക്കുന്ന നേതാവാണ് കുഞ്ഞാലിക്കുട്ടി എന്നും അദ്ദേഹത്തിന് അർഹമായ പരിഗണന ഭരണത്തിൽ ഉണ്ടാകുമെന്നും തങ്ങൾ വ്യക്തമാക്കി. കേരള രാഷ്ട്രീയത്തിൽ മുസ്ലിം ലീഗിന് അർഹതപ്പെട്ടത് നൽകാൻ യുഡിഎഫ് സർവ്വസന്നദ്ധമാണെന്ന് വിശ്വസിക്കുന്നു. അത് പ്രത്യേകിച്ച് ചോദിച്ചു വാങ്ങേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇടതുപക്ഷത്തിന്റെ തകർച്ചയും യുഡിഎഫിന്റെ വമ്പൻ തിരിച്ചുവരവും സാധ്യമായ സാഹചര്യത്തിൽ ഭരണത്തിൽ ലീഗിന് മൂന്നാം മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം നേരത്തെ തന്നെ ഉയർന്നിരുന്നു. ഇതിന് പുറമെ ഉപമുഖ്യമന്ത്രി പദവി കൂടി ലീഗ് ലക്ഷ്യം വെക്കുന്നുണ്ടെന്നാണ് സൂചന.
കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന മുറയ്ക്ക് മന്ത്രിസഭാ വിഭജന ചർച്ചകൾക്കായി ഉന്നതതല യോഗം ചേരും. പിണറായി സർക്കാരിന്റെ വീഴ്ചകൾ ജനമധ്യത്തിൽ എത്തിക്കുന്നതിൽ സതീശൻ വിജയിച്ചു എന്ന ലീഗിന്റെ സർട്ടിഫിക്കറ്റ് അദ്ദേഹത്തിന്റെ മുഖ്യമന്ത്രി സാധ്യതകൾ വർധിപ്പിക്കുന്നുണ്ടെങ്കിലും, സാമുദായിക സമവാക്യങ്ങൾ കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം. വരും ദിവസങ്ങളിൽ യുഡിഎഫ് പാളയത്തിൽ അധികാര വിഭജനത്തെ ചൊല്ലി കടുത്ത വിലപേശലുകൾ നടക്കുമെന്ന് ഇതോടെ ഉറപ്പായി.












