രാജ്യം നടുങ്ങിയ നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുമ്പോൾ, ഈ വമ്പൻ തട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്നത് ഒരു സാധാരണ ഹോസ്റ്റൽ ഉടമയുടെ ജാഗ്രത. രാജസ്ഥാനിലെ സിക്കറിൽ നിന്നുള്ള ഒരു ഹോസ്റ്റൽ ഉടമയും അദ്ദേഹത്തിന്റെ മകനും നടത്തിയ ഇടപെടലുകളാണ് സിബിഐ അന്വേഷണത്തിലേക്ക് വരെ നീണ്ട പരീക്ഷാ റദ്ദാക്കലിലേക്ക് വഴിവെച്ചത്. മെയ് 3-ന് നടന്ന നീറ്റ് പരീക്ഷയ്ക്ക് ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് സംഭവങ്ങളുടെ തുടക്കം. കേരളത്തിൽ എംബിബിഎസ് പഠിക്കുന്ന സിക്കർ സ്വദേശിയായ വിദ്യാർത്ഥിക്ക് ഒരു സുഹൃത്ത് വഴി ഒരു ‘ഗസ് പേപ്പർ’ ലഭിക്കുന്നു. പരീക്ഷയ്ക്ക് മുൻപ് ലഭിക്കുന്ന വെറുമൊരു മാതൃകാ ചോദ്യപേപ്പർ എന്ന നിലയിൽ ഈ വിദ്യാർത്ഥി അത് സിക്കറിൽ ഹോസ്റ്റൽ നടത്തുന്ന തന്റെ പിതാവിന് വാട്സാപ്പ് വഴി അയച്ചുകൊടുത്തു. തന്റെ ഹോസ്റ്റലിൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് ഇത് ഉപകരിക്കുമെന്നായിരുന്നു വിദ്യാർത്ഥി കരുതിയത്.
അതിരാവിലെ ഉണർന്ന പിതാവ് ഈ ചോദ്യപേപ്പർ തന്റെ ഹോസ്റ്റലിലെ നാല് പെൺകുട്ടികൾക്ക് നൽകാൻ ശ്രമിച്ചെങ്കിലും അവർ പരീക്ഷാ സെന്ററിലേക്ക് പുറപ്പെട്ടുകഴിഞ്ഞിരുന്നു. തുടർന്ന് ആകാംക്ഷയോടെ അദ്ദേഹം ഈ ചോദ്യപേപ്പർ തനിക്ക് പരിചയമുള്ള ഒരു കെമിസ്ട്രി അധ്യാപകന് കൈമാറി. പരീക്ഷയ്ക്ക് ശേഷം ഒറിജിനൽ ചോദ്യപേപ്പറുമായി ഒത്തുനോക്കിയ അധ്യാപകർ ഞെട്ടിപ്പോയി. ചോദ്യപേപ്പറിലെ 108 കെമിസ്ട്രി ചോദ്യങ്ങളിൽ 45 എണ്ണവും അതുപോലെ തന്നെയായിരുന്നു. തുടർന്ന് ബയോളജി വിഭാഗം കൂടി പരിശോധിച്ചപ്പോൾ ആകെ 204 ചോദ്യങ്ങളിൽ 90 എണ്ണവും ഒരു മാറ്റവുമില്ലാതെ പരീക്ഷയിൽ വന്നിരിക്കുന്നു! അതായത് 135-ഓളം ചോദ്യങ്ങൾ ഒറിജിനലുമായി കൃത്യമായി ഒത്തുപോയി. ഇതോടെ ഇത് സാധാരണ ഒരു ഗസ് പേപ്പർ അല്ലെന്നും പരീക്ഷാ പേപ്പർ നേരത്തെ ചോർന്നതാണെന്നും ഇവർക്ക് ബോധ്യപ്പെട്ടു.
തുടർന്ന് ഇവർ വൈകാതെ പ്രാദേശിക പൊലീസിനെ സമീപിക്കുകയും വിവരങ്ങൾ കൈമാറുകയും ചെയ്തു. സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (SOG) നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇതൊരു വമ്പൻ തട്ടിപ്പ് ശൃംഖലയാണെന്ന് വ്യക്തമായത്. കേരളത്തിലെ മെഡിക്കൽ വിദ്യാർത്ഥിക്ക് സിക്കറിലെ സുഹൃത്ത് വഴിയാണ് പിഡിഎഫ് രൂപത്തിൽ ഇത് ലഭിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ഒരൊറ്റ നീക്കമാണ് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിച്ചേക്കാവുന്ന വമ്പൻ അഴിമതിയുടെ മുഖംമൂടി അഴിച്ചത്. നിലവിൽ കേസ് സിബിഐ ഏറ്റെടുക്കുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പരീക്ഷാ സംവിധാനത്തിലെ സുരക്ഷാ പഴുതുകൾ ഒന്നൊന്നായി പുറത്തുവരുമ്പോൾ, ഈ ഹോസ്റ്റൽ ഉടമയുടെയും അധ്യാപകരുടെയും ഇടപെടൽ നീതിക്കായി പോരാടുന്ന വിദ്യാർത്ഥികൾക്ക് വലിയ കരുത്തായിരിക്കുകയാണ്. കേസിൽ കൂടുതൽ ഉന്നതർക്ക് പങ്കുണ്ടോ എന്ന കാര്യത്തിൽ സിബിഐ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.












