തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിനെ ഒറ്റയ്ക്കു കണ്ട് സംസാരിച്ചതിന്റെ പേരില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തൃശൂര്‍ മുന്‍ പൊലീസ് കമ്മിഷണര്‍ ജേക്കബ് ജോബിന്റെ മൊഴിയെടുത്തു. തൃശൂര്‍ റേഞ്ച് ഐ.ജി ടി.ജെ. ജോസ് ആണ് മൊഴി രേഖപ്പെടുത്തിയത്. കഴിഞ്ഞ 10ന് മൂന്നുമണിക്ക് പ്രതിയുമായി മുന്‍ കമ്മിഷണര്‍ കണ്ടുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. എന്നാല്‍ ഈ ദിവസം താന്‍ ചങ്ങനാശേരിയില്‍ നാഷണല്‍ ഹ്യൂമന്റൈറ്റ്സ് സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നുവെന്നാണ് അദ്ദേഹം മൊഴിനല്‍കിയത്. അരമണിക്കൂര്‍ നേരം പ്രതി നിസാമുമായി സംസാരിച്ചിട്ടുണ്ട്. എന്നാല്‍ അത് തലേ ദിവസമായിരുന്നു. ചില ഉദ്യോഗസ്ഥര്‍ പ്രതിയോട് പണം ചോദിച്ചതായി അറിഞ്ഞതിനെ തുടര്‍ന്നാണ് പ്രതിയുമായി സംസാരിച്ചത്. സ്റ്റേഷനില്‍ റൈറ്റര്‍ പണം ചോദിച്ചുവെന്ന് നിസാം സമ്മതിച്ചെന്നും എന്നാല്‍ മൊഴി നല്കാന് തയ്യാറായില്ലെന്നുമാണ് കമ്മിഷണര്‍ പറഞ്ഞത്. പണം ചോദിച്ച വിവരം അറിഞ്ഞതിനെ തുടര്‍ന്നാണ് നിസാമിനെ ഒറ്റയ്ക്ക് വിളിച്ച് വിവരം ചോദിച്ചത്. ഈ വിവരം സി.ഐയോട് പറഞ്ഞിരുന്നു. എഴുതിക്കൊണ്ട് വരുന്ന പേപ്പറുകള്‍ ഒപ്പിടുമ്പോള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നതായി കമ്മീഷണര്‍ മൊഴി നല്കി.
ചന്ദ്രബോസിന്റെ ഭാര്യയുടെയും കുടുംബാംഗങ്ങളും മൊഴിയും ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ചന്ദ്രബോസ് വീട്ടുകാരെ അറിയിച്ച എല്ലാ കാര്യങ്ങളും ഭാര്യ ജമന്തി പൊലീസിനോട് വിവരിച്ചു.ഇപ്പോഴത്തെ പൊലീസ് കമ്മിഷണറുടെ അന്വേഷണത്തില്‍ തനിക്കും കുടുംബത്തിനും പൂര്‍ണ സംതൃപ്തി ഉണ്ടെന്നും ചന്ദ്രബോസിന്റെ ഭാര്യ ജമന്തി പറഞ്ഞു. ശോഭാ സിറ്റിയിലെ ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.
അതിനിടെ ജേക്കബ് ജോബിനെയും ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിസാമിനെയും പ്രതി ചേര്‍ത്ത് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്കി. പൊതുപ്രവര്ത്തകന് പി.ഡി. ജോസഫാണ് ഹര്ജിക്കാരന്. ഹര്‍ജി നാളെ പരിഗണിക്കും. നിസാമും കമ്മിഷണറും രഹസ്യ ചര്‍ച്ച നടത്തിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.
Discussion about this post