ഐപിഎല്ലിൽ താൻ പന്തെറിഞ്ഞിട്ടുള്ളതിൽ വെച്ച് ഏറ്റവും അപകടകാരിയായ ബാറ്റർ ഇന്ത്യൻ താരം കെ.എൽ. രാഹുൽ ആണെന്ന് വെളിപ്പെടുത്തി ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ. കരിയറിന്റെ തുടക്കകാലത്ത് രാഹുലിന് പന്തെറിയുക എന്നത് കഠിനമായ കാര്യമായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു.
ഒരു അഭിമുഖത്തിനിടെ ‘താങ്കൾ പന്തെറിഞ്ഞിട്ടുള്ളതിൽ വെച്ച് നേരിടാൻ ഏറ്റവും പ്രയാസമേറിയ ബാറ്റർ ആരാണ്?’ എന്ന ചോദ്യത്തിനാണ് ഇംഗ്ലീഷ് താരം ജോഫ്ര ആർച്ചർ ഇന്ത്യൻ സ്റ്റാർ ബാറ്റർ കെ.എൽ. രാഹുലിന്റെ പേര് പറഞ്ഞത്. ഐപിഎല്ലിന്റെ ആദ്യ വർഷങ്ങളിൽ തനിക്ക് രാഹുലിനെതിരെ പന്തെറിയുക വലിയ വെല്ലുവിളിയായിരുന്നുവെന്ന് ആർച്ചർ തുറന്നുപറഞ്ഞു.
“ഐപിഎല്ലിലെ ആദ്യത്തെ ചില വർഷങ്ങളിൽ ഒരുപക്ഷേ അത് കെ.എൽ. രാഹുൽ ആയിരിക്കാം. അക്കാലത്ത് അദ്ദേഹം തന്റെ കരിയറിന്റെ ഏറ്റവും മികച്ച ഫോമിലായിരുന്നു . മൈതാനത്തിന്റെ ഏത് കോണിലേക്കും ഏത് പന്തും അനായാസം സിക്സറും ഫോറും അടിച്ചുപറത്താൻ അദ്ദേഹത്തിന് കഴിയുമെന്ന് തോന്നിപ്പിച്ചിരുന്നു. രാഹുലിനെതിരെ ബോൾ ചെയ്യുക എന്നത് ശരിക്കും കഠിനമായിരുന്നു.”
ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിന് വേണ്ടി കെ.എൽ. രാഹുൽ ഓപ്പണറായി തകർത്തടിച്ചിരുന്ന കാലത്തെക്കുറിച്ചാണ് ആർച്ചർ സൂചിപ്പിച്ചത്. ആർച്ചറുടെ അതിവേഗ ബൗൺസറുകളെയും യോർക്കറുകളെയും അനായാസം നേരിട്ട രാഹുൽ പലതവണ അദ്ദേഹത്തിന്റെ ഓവറുകളിൽ വൻതോതിൽ റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ മുൻ താരമായ ആർച്ചർ, രാഹുലിന്റെ ബാറ്റിങ് മികവിനെ എപ്പോഴും ബഹുമാനത്തോടെയാണ് കാണുന്നതെന്നും കൂട്ടിച്ചേർത്തു. ക്രിക്കറ്റ് ലോകത്തെ ഏറ്റവും വേഗതയേറിയ ബൗളർമാരിൽ ഒരാളായ ജോഫ്ര ആർച്ചർ തന്നെ കെ.എൽ. രാഹുലിനെ ഏറ്റവും കഠിനനായ എതിരാളിയായി തിരഞ്ഞെടുത്തത് സോഷ്യൽ മീഡിയയിലും കായിക ലോകത്തും ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.












