താരസംഘടനയായ ‘അമ്മ’യിൽ (AMMA) നാടകീയ നീക്കങ്ങളും പ്രതിസന്ധികളും തുടരുന്നതിനിടയിൽ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി പ്രഖ്യാപിച്ച് നടി ലക്ഷ്മിപ്രിയ. സംഘടനയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അതീവ വൈകാരികവും കടുത്തതുമായ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് താരം തന്റെ രാജി പ്രഖ്യാപിച്ചത്. സംഘടനയിൽ നിന്നും തനിക്ക് യാതൊരുവിധ ആനുകൂല്യങ്ങളും ഇനി ആവശ്യമില്ലെന്നും കടുത്ത ഭാഷയിൽ എഴുതിയ കത്തിൽ താരം വ്യക്തമാക്കുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഭരണസമിതിയുടെ കൂട്ടരാജിയും മറ്റ് ആഭ്യന്തര തർക്കങ്ങളും കാരണം ‘അമ്മ’ സംഘടന വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ലക്ഷ്മിപ്രിയയുടെ ഈ അപ്രതീക്ഷിത പടിയിറക്കം.
സംഘടനയിലെ മുതിർന്ന അംഗങ്ങളായ കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവർക്കായി തന്റെ രാജി സമർപ്പിക്കുന്നുവെന്നാണ് ലക്ഷ്മിപ്രിയ കുറിച്ചിരിക്കുന്നത്. “ഞാൻ ‘അമ്മ’ സംഘടനയിലെ അംഗത്വം രാജി വെച്ചിരിക്കുന്നു. എന്റെ രാജി മുതിർന്ന അംഗമായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവർക്ക് സമർപ്പിക്കുന്നു. ഒരു അഭ്യർത്ഥനയുണ്ട്, നിങ്ങൾ ജീവിച്ചിരിക്കുമ്പോഴാണ് ഞാൻ മരിക്കുന്നത് എങ്കിൽ എന്റെ ശവം കാണാൻ പോലും ഒരുത്തരും വരരുത്. 60 വയസ്സ് വരെ ഞാൻ ജീവിച്ചിരുന്നാൽ എനിക്ക് ലഭിച്ചേക്കാവുന്ന പെൻഷൻ എനിക്ക് വേണ്ട. ഇൻഷുറൻസ് വേണ്ട. റീത്ത് വേണ്ട. അനുശോചനം ഒട്ടുമേ വേണ്ട. എന്നെ സ്നേഹിക്കുന്ന ഏതാനും പേരുണ്ട്, ബാക്കിയുള്ളവർ ഈ പടി കടന്ന് വരരുത്. നന്ദി,” ലക്ഷ്മിപ്രിയ വാട്സാപ്പ് ഗ്രൂപ്പിൽ കുറിച്ചു.
സംഘടനയ്ക്കുള്ളിലെ അവഗണനയിലും സമീപകാലത്തുണ്ടായ ചില സംഭവവികാസങ്ങളിലും താരത്തിനുള്ള കടുത്ത അമർഷമാണ് ഈ വാക്കുകളിലൂടെ പുറത്തുവരുന്നത്. കുറച്ചുകാലമായി സിനിമകളിൽ അത്ര സജീവമല്ലാത്ത താരം സോഷ്യൽ മീഡിയയിലും മറ്റ് ചർച്ചകളിലും സജീവ സാന്നിധ്യമാണ്. നേരത്തെയും സിനിമയ്ക്കുള്ളിലെ ഗ്രൂപ്പിസത്തിനെതിരെയും നിലപാടുകളില്ലായ്മയ്‌ക്കെതിരെയും ലക്ഷ്മിപ്രിയ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്.











