ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിവാദഭരിതവും കലുഷിതവുമായ ഒരു അധ്യായമാണ് ബാറ്റിങ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും മുൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീനും തമ്മിലുണ്ടായിരുന്ന വിയോജിപ്പുകൾ. 1989-ൽ സച്ചിൻ കരിയർ ആരംഭിക്കുമ്പോൾ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്ററായിരുന്നു അസ്ഹറുദ്ദീൻ. എന്നാൽ 1996-ഓടെ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീണുതുടങ്ങി. പിൽക്കാലത്ത് മാച്ച് ഫിക്സിങ് വിവാദങ്ങളിലേക്കും സി.ബി.ഐ അന്വേഷണങ്ങളിലേക്കും വരെ നയിച്ച ഈ വമ്പൻ ക്രിക്കറ്റ് പോരിന്റെ അണിയറക്കഥകൾ നിങ്ങളിൽ ചിലർ എങ്കിലും കേട്ടിട്ടുണ്ടാകും.
1996-ലെ ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനത്തിനും ലോകകപ്പിലെ കനത്ത തോൽവിക്കും പിന്നാലെയാണ് മുഹമ്മദ് അസ്ഹറുദ്ദീനെ മാറ്റി സച്ചിൻ ടെണ്ടുൽക്കറെ ഇന്ത്യയുടെ നായകനായി നിയമിക്കുന്നത്. ഈ നേതൃമാറ്റത്തോടെയാണ് ഇരുവർക്കുമിടയിലെ ബന്ധം വഷളായത്. അസ്ഹറുദ്ദീൻ മത്സരങ്ങളിൽ തന്റെ നൂറു ശതമാനം നൽകുന്നില്ലെന്നും, ടീമിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച് കളി തോൽപ്പിക്കാൻ ശ്രമിക്കുകയാണെന്നും സച്ചിൻ ശക്തമായി സംശയിച്ചിരുന്നു.
1998-ൽ സച്ചിന് ക്യാപ്റ്റൻസി നഷ്ടപ്പെടുകയും അസ്ഹറുദ്ദീൻ വീണ്ടും നായകനായി തിരിച്ചെത്തുകയും ചെയ്തു. എന്നാൽ 1999-ലെ ലോകകപ്പ് പരാജയത്തിന് പിന്നാലെ തൊട്ടടുത്ത വർഷം സച്ചിനെ വീണ്ടും ബി.സി.സി.ഐ നായകസ്ഥാനമേൽപ്പിച്ചു. ഇത്തവണ കടുത്ത നിലപാടുകളുമായാണ് സച്ചിൻ എത്തിയത്. അസ്ഹറുദ്ദീനെ ടീമിൽ ഉൾപ്പെടുത്തരുതെന്ന് സച്ചിൻ കർശനമായി ആവശ്യപ്പെടുകയും, കഠിനമായ ഓസ്‌ട്രേലിയൻ പര്യടനത്തിൽ അസ്ഹറുദ്ദീനൊപ്പം യാത്ര ചെയ്യാൻ പോലും സച്ചിൻ വിസമ്മതിക്കുകയും ചെയ്തു.
എന്നാൽ 2000-ന്റെ തുടക്കത്തിൽ അസ്ഹറുദ്ദീനെ വീണ്ടും ഇന്ത്യൻ ടീമിലേക്ക് തിരിച്ചെടുത്തു. ഇതിൽ പ്രതിഷേധിച്ച് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് തൊട്ടുമുമ്പ് സച്ചിൻ നായകസ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. ക്യാപ്റ്റൻ എന്ന നിലയിൽ തന്റെ അവസാന പരമ്പരയായിരിക്കും ഇതെന്നും സച്ചിൻ വ്യക്തമാക്കി. ടീമിന്റെ പരാജയങ്ങളുടെ “ധാർമ്മിക ഉത്തരവാദിത്തം” ഏറ്റെടുത്താണ് താൻ പദവി ഒഴുവാക്കുന്നതെന്ന് സച്ചിൻ പരസ്യമായി പറഞ്ഞിരുന്നെങ്കിലും, അസ്ഹറുദ്ദീന്റെ തിരിച്ചുവരവിൽ പ്രതിഷേധിച്ചാണ് ഈ പടിയിറക്കമെന്ന് ക്രിക്കറ്റ് ലോകത്തിന് വ്യക്തമായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലച്ച ഏറ്റവും വലിയ ദുരന്തം തൊട്ടടുത്ത മാസങ്ങളിലാണ് സംഭവിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്ത മാച്ച് ഫിക്സിങ് വിവാദം പൊട്ടിപ്പുറപ്പെടുകയും കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐ ഇതിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അന്വേഷണസംഘത്തിന് മുന്നിൽ സച്ചിൻ ടെണ്ടുൽക്കർ നൽകിയ മൊഴി അസ്ഹറുദ്ദീന് കനത്ത തിരിച്ചടിയായി. അസ്ഹറുദ്ദീന് ബുക്കികളുമായി അടുത്ത ബന്ധമുണ്ടെന്നും പല മത്സരങ്ങളിലും അദ്ദേഹം രാജ്യത്തിന് വേണ്ടി പൂർണ്ണ മനസ്സോടെയല്ല കളിച്ചതെന്നും സച്ചിൻ സി.ബി.ഐക്ക് മുൻപിൽ തുറന്നുപറഞ്ഞു.












