സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശങ്ങളുമായി സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) സർക്കുലർ പുറത്തിറക്കി. ഔദ്യോഗിക വേഷമായ യൂണിഫോം ധരിച്ച് മതപരമായ ചടങ്ങുകളിലോ ആഘോഷങ്ങളിലോ പങ്കെടുക്കരുതെന്നാണ് ഡിജിപിയുടെ ഉത്തരവ്. ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായല്ലാതെ ഇത്തരം പരിപാടികളിൽ യൂണിഫോമിൽ പ്രത്യക്ഷപ്പെടാൻ പാടില്ല. അടുത്തിടെയായി നിരവധി പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന വ്യാപക പരാതികളുടെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി.
ചില പൊലീസ് ഉദ്യോഗസ്ഥർ യൂണിഫോം ധരിച്ച് മതപരമായ ചടങ്ങുകളിലും പ്രാദേശിക ആഘോഷങ്ങളിലും സജീവമായി പങ്കെടുക്കുകയും, ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ ‘റീൽസ്’ ആയി പങ്കുവെക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സർക്കുലർ. സിവിൽ പൊലീസ് ഓഫീസർമാർ മുതൽ ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് വരെ ഈ നിബന്ധന ഒരുപോലെ ബാധകമായിരിക്കും.
യൂണിഫോമിന്റെ അന്തസ്സിനും അച്ചടക്കത്തിനും നിരക്കാത്ത രീതിയിലുള്ള ഇത്തരം പ്രവണതകൾ പൊലീസിന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണെന്ന വിലയിരുത്തലിലാണ് ആഭ്യന്തര വകുപ്പ്. സർക്കുലറിലെ നിർദേശങ്ങൾ ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ വകുപ്പുതല അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും ഡിജിപി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എല്ലാ ജില്ലാ പോലീസ് മേധാവിമാരും തങ്ങളുടെ കീഴിലുള്ള സ്റ്റേഷനുകളിൽ ഈ നിർദേശം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.











