ചൈനയുടെ വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ, സാമ്പത്തിക സ്വാധീനത്തിനെതിരെ വീണ്ടും കടുത്ത നിലപാടുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്ത്രപ്രധാനമായ പനാമ കനാലിന്റെ (Panama Canal) നിയന്ത്രണം ചൈന ഏറ്റെടുക്കാൻ ശ്രമിക്കുകയാണെന്നും അത് അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. മെഡോറയിൽ തിയോഡോർ റൂസ്‌വെൽറ്റ് പ്രസിഡൻഷ്യൽ ലൈബ്രറിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ്, മുൻപ് പനാമ കനാലിന്റെ നിയന്ത്രണം പനാമയ്ക്ക് കൈമാറാൻ അമേരിക്ക എടുത്ത ചരിത്രപരമായ തീരുമാനത്തെ ട്രംപ് രൂക്ഷമായി വിമർശിച്ചത്. പനാമ കനാൽ ഒരിക്കലും വിട്ടുകൊടുക്കാൻ പാടില്ലായിരുന്നുവെന്നും അത് അമേരിക്കയ്ക്ക് പറ്റിയ വലിയൊരു മണ്ടത്തരമായിപ്പോയെന്നും അദ്ദേഹം തുറന്നടിച്ചു.
“നമ്മൾ പനാമ കനാൽ വെറുതെ വിട്ടുകൊടുത്തു. അതിന് ശേഷം അവർ ആദ്യം എന്താണ് ചെയ്തതെന്ന് അറിയാമോ? കനാലിലൂടെ പോകുന്ന കപ്പലുകളുടെ യാത്രാക്കൂലി നാലിരട്ടിയാക്കി വർദ്ധിപ്പിച്ചു. എന്നിട്ടും ഒരൊറ്റ കപ്പൽ പോലും അവർക്ക് നഷ്ടപ്പെട്ടില്ല. പിന്നീട് വീണ്ടും രണ്ടിരട്ടി കൂലി കൂട്ടി. വർഷങ്ങളായി അവർ ഇതിലൂടെ വൻതോതിൽ പണമുണ്ടാക്കുകയാണ്. നമ്മൾ ചെയ്തത് എത്ര വലിയ വിഡ്ഢിത്തമായിരുന്നു,” ട്രംപ് ചോദിച്ചു. പനാമ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ യാത്രാ നിരക്കുകൾ കുത്തനെ കൂട്ടിയതായും ഇപ്പോൾ ഈ തന്ത്രപ്രധാനമായ ജലപാതയ്ക്ക് മേൽ സ്വാധീനം ചെലുത്താൻ ചൈന വലിയ നീക്കങ്ങൾ നടത്തുകയാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ചൈനയുടെ വിപുലീകരണ താല്പര്യങ്ങൾക്ക് മുന്നിൽ അമേരിക്ക കയ്യും കെട്ടി നോക്കിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കാണ് ട്രംപിന്റെ പുതിയ പ്രസ്താവന വഴിതുറന്നിരിക്കുന്നത്.












