കൊച്ചി: വിവരാവകാശ നിയമത്തില്‍നിന്നു വിജിലന്‍സ് വകുപ്പിനെ ഒഴിവാക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ചതായുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം പൊളിയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരായ അന്വേഷണ വിവരങ്ങള്‍ വിജിലന്‍സ് തടഞ്ഞുവച്ചു. ടോപ് സീക്രട്ട് സെക്ഷന്‍ ആണെന്ന പേരില്‍ കൊച്ചി മെട്രൊക്കായി സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കളക്ടര്‍ക്ക് എതിരായി നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങളാണ് വിവരാവകാശ അപേക്ഷപ്രകാരം നല്‍കാതിരുന്നത്. അന്വേഷണ വിവരങ്ങള്‍ ടോപ് സീക്രട്ട് സെക്ഷനിലാണെന്ന കാര്യത്താല്‍ വിവരാവകാശ പരിധിയില്‍നിന്നു ഒഴിവാക്കിയതാണെന്നായിരുന്നു വിജിലന്‍സ് മറുപടി.
നേരത്തെ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍,എംഎല്‍എമാര്‍, ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരിലുളള വിജിലന്‍സ് അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് നല്‍കുന്നത് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നും സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ ഈ തീരുമാനം റദ്ദാക്കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ വ്യക്തമാക്കിയിരുന്നു.
തുടര്‍ന്നാണ് ടോപ് സീക്രട്ട് സെക്ഷന്‍ അന്വേഷിച്ചതോ, അന്വേഷണം നടത്തുന്നതോ ആയ കേസിന്റെ വിവരങ്ങള്‍ പഴയപോലെ വിവരാവകാശം വഴി നല്‍കണമെന്ന് നിര്‍ദേശിച്ചത്. എന്നാല്‍ എറണാകുളം ജില്ലാ കളക്ടര്‍ക്ക് എതിരെ വിജിലന്‍സ് നടത്തിയ അന്വേഷണ വിവരം ആവശ്യപ്പെട്ട വിവരാവകാശ പ്രവര്ത്തകന് നല്കിയ മറുപടിയിലാണ് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചിട്ടില്ലെന്ന് വ്യക്തമാകുന്നത്.
27-01-2016 ലെ ജി.ഒ(പി)072016ജിഎഡി നമ്പര്‍ സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോയിലെ ടോപ് സീക്രട്ട് സെക്ഷനെ വിവരാവകാശ നിയമം 2005ന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണെന്നും അതിനാല്‍ കളക്ടര്‍ക്ക് എതിരായ അന്വേഷണത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍വാഹമില്ലെന്നുമാണ് സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നല്കുന്ന മറുപടി.
Discussion about this post