സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് ഹൃദയമിടിപ്പ് പരിശോധിച്ച് വൈകല്യങ്ങൾ കണ്ടെത്തുന്ന ‘സിർക്കാഡിയൻ എഐ’ വികസിപ്പിച്ച് ആന്ധ്ര സ്വദേശിയായ സിദ്ധാർത്ഥ് നന്ദ്യാല. വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ പോകുന്ന പുതിയൊരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് ലോകശ്രദ്ധ നേടിയിരിക്കുകയാണ് 14 വയസ്സുകാരൻ. ആന്ധ്രാപ്രദേശിലെ അനന്തപൂർ സ്വദേശിയും നിലവിൽ അമേരിക്കയിലെ ടെക്സസിൽ താമസക്കാരനുമായ സിദ്ധാർത്ഥ് നന്ദ്യാല എന്ന പതിനാലുകാരനാണ് ഈ അദ്ഭുത കണ്ടുപിടുത്തത്തിന് പിന്നിൽ. ‘സിർക്കാഡിയൻ എഐ’ എന്ന് പേരിട്ടിരിക്കുന്ന ഈ സാങ്കേതികവിദ്യയ്ക്ക് വെറും 7 സെക്കൻഡുകൾ കൊണ്ട് ഹൃദയത്തിന്റെ ശബ്ദം വിശകലനം ചെയ്ത് പ്രശ്നങ്ങൾ കണ്ടെത്തുവാൻ സാധിക്കും.
കൈയ്യിലുള്ള സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് രോഗിയുടെ ഹൃദയമിടിപ്പ് റിക്കോർഡ് ചെയ്യുകയും, തുടർന്ന് എഐ വഴി ശബ്ദത്തിലെ വ്യതിയാനങ്ങൾ വിശകലനം ചെയ്യുകയുമാണ് ഈ പ്ലാറ്റ്‌ഫോം ചെയ്യുന്നത്. ടെസ്റ്റിംഗിൽ 96 ശതമാനത്തിലധികം കൃത്യതയാണ് ഈ സിസ്റ്റം രേഖപ്പെടുത്തിയിട്ടുള്ളത്. ബാക്ക്ഗ്രൗണ്ട് ശബ്ദങ്ങളെ ഒഴിവാക്കി ഹൃദയ ശബ്ദങ്ങൾ മാത്രം കൃത്യമായി അപഗ്രഥിക്കാൻ എഐക്ക് സാധിക്കും.
യു.എസിലെ പതിനാലായിരത്തിലധികം രോഗികളിലും, ഇന്ത്യയിൽ ഗുണ്ടൂർ ഗവൺമെന്റ് ജനറൽ ആശുപത്രിയിലുമടക്കം നൂറുകണക്കിന് ആളുകളിൽ ഇത് വിജയികരമായി പരീക്ഷിച്ചുകഴിഞ്ഞു. ഇതൊരു പൂർണ്ണമായ രോഗനിർണ്ണയ മാർഗ്ഗമല്ല (ഉദാഹരണത്തിന് ഇ.സി.ജി അല്ലെങ്കിൽ എക്കോകാർഡിയോഗ്രാം എന്നിവയ്ക്ക് പകരമല്ല), മറിച്ച് പ്രാഥമിക പരിശോധനയിൽ രോഗികൾക്ക് ഹൃദയസംബന്ധമായ തകരാറുകൾ ഉണ്ടോയെന്ന് വളരെ വേഗത്തിൽ കണ്ടെത്താൻ ഡോക്ടർമാരെ സഹായിക്കുന്ന ഉപകരണമാണ്.
ഈ കൊച്ചു മിടുക്കന്റെ കണ്ടുപിടുത്തത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവടക്കം നിരവധി പ്രമുഖർ അഭിനന്ദിച്ചിട്ടുണ്ട്. ഭാവിയിൽ സാധാരണക്കാർക്ക് വളരെ കുറഞ്ഞ ചെലവിൽ ഹൃദയാരോഗ്യം ഉറപ്പുവരുത്താൻ ഈ സാങ്കേതികവിദ്യ വലിയ പങ്കുവഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












