സുരേഷ്ഗോപി ബിജെപിയില്‍ സജീവമാകുന്നവെന്ന വാാര്ത്തകളെ തുടര്‍ന്ന് സുരേഷ് ഗോപിയെ ചെറുക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. സുരേഷ്ഗോപിയെ രൂക്ഷമായി എതിര്‍ത്തു കൊണ്ട് വീക്ഷണം പത്രം എഴുതിയ മുഖപ്രസംഗം ഇതിന്റെ തെളിവായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
നേരത്തെ ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച് തന്റെ രാഷ്ട്രീയ രംഗപ്രവേശത്തിന് നാന്ദിയൊരുക്കിയ സുരേഷ്ഗോപി യൂത്ത് കോണ്‍ഗ്രസിന്റെ രൂക്ഷമായ പ്രതിഷേധം വഴി രാഷ്ട്രീയരംഗത്ത് സജീവമാകാനുള്ള വേദിയൊരുക്കി. ഇതിനിടെ നരേന്ദ്രമോദിയെ കണ്ടതും, അടുത്തയിടെ മോദി ആവശ്യപ്പെട്ടാല്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കും തുടങ്ങിയ പ്രസ്താവനകള്‍ നടത്തിയതും ഏറെ ചര്‍ച്ചയായിരുന്നു. ശശി തരൂര്‍ സുനന്ദപുഷ്ക്കര്‍ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് രാജിവച്ചാല്‍ തിരുവന്തപുരം മണ്ഡലത്തില്‍ സുരേഷ്ഗോപി മത്സരിക്കുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചു. അങ്ങനെയൊരു സാധ്യത തള്ളാനാവില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍ കൂടി പറഞ്ഞതോടെ സുരേഷ്ഗോപിയുടെ സാധ്യത കൂടി. ഇതിനിടെയാണ് വിഴിഞ്ഞം പദ്ധതിയ്ക്കായി ഹിന്ദു സമൂഹം ഒന്നിക്കണമെന്ന സുരേഷ്ഗോപിയുടെ പ്രസംഗം.
ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് സുരേഷ്ഗോപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് രംഗത്തെത്തുന്നത്. വീക്ഷണത്തില്‍ ഇന്ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗം ഇതിന്റെ തുടക്കമാണെന്നാണ് വിലയിരുത്തല്‍.
അഹങ്കാരം ആള്‍രൂപം പ്രാപിച്ചാല്‍ സുരേഷ്ഗോപിയാകുമെന്നും, കാവിജ്വാരം മൂത്താല്‍ സുരേഷ്ഗോപി കേരള തൊഗാഡിയ ആകുമെന്നും വീക്ഷണം കുറ്റപ്പെടുത്തുന്നു. വിവരക്കേടിന്റെ തിടമ്പേന്തി രാഷ്ട്രീയത്തിലെ ഗുരുവായൂര്‍ കേശവനാകാന്‍ സുരേഷ്ഗോപി ശ്രമിക്കുകയാണെന്നും വീക്ഷണം വിമര്‍ശിക്കുന്നു.
സുരേഷ് ഗോപിയ്ക്ക് അധികാരമോഹമായതിനാലാണ് വിഷം ചുരത്തുന്ന പ്രസ്താവനകള്‍ ഇറക്കുന്നതെന്നും വീക്ഷണം കുറ്റപ്പെടുത്തുന്നു.
നേരത്തെ വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് സുരേഷ്ഗോപി നടത്തിയ പ്രസ്താവനയെ ന്യായീകരിച്ച് പല ഹിന്ദു സംഘടനകളും രംഗത്തെത്തിയിരുന്നു. ഹിന്ദുസമൂഹത്തെ കുറിച്ച് പറയുമ്പോള്‍ മാത്രം അത് വര്‍ഗ്ഗീയമായി കാണുന്നത് ശരിയല്ലെന്നാണ് ഇവരുടെ നിലപാട്. നേരത്തെ ക്രൈസ്തവര്‍ പദ്ധതിയ്ക്കായി ഇടപെടണമെന്ന യേശുദാസിന്റെ പ്രസ്താവന വിവാദമാകാതിരുന്നതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post