ഡല്‍ഹി: രാജ്യത്ത് ബലാത്സംഗം കുറയ്ക്കാന്‍ യോഗ കൊണ്ട് സാധിക്കുമെന്ന് ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി. യോഗ സാധാരണക്കാരുടെ ജീവിതത്തിലേക്ക് എത്തുകയാണെങ്കില്‍ പീഢനക്കേസുകള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം .’ദി അയ്യങ്കാര്‍ വേ യോഗ ഫോര്‍ ദി ന്യൂ മില്ലേനിയം’എന്ന വിഷയത്തെക്കുറിച്ച് സെമിനാര്‍ എടുക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
യോഗ ചെയ്യുന്നതിലൂടെ സ്ത്രീ പുരുഷന്മാരില് പുതിയ തരത്തിലുള്ള ചിന്തകളുണ്ടാകും. അങ്ങനെ മനുഷ്യ ശരീരത്തോടുള്ള ആഗ്രഹങ്ങളും മാറും. ചില വലിയ ജോലികള്‍ക്കായി പ്രകൃതി നമുക്ക് തന്നതാണ് ശരീരമെന്ന് മനസിലാക്കാനും അതിലേക്ക് ജനങ്ങളുടെ ശ്രദ്ധയെ തിരിച്ചു വിടാനും യോഗയിലൂടെ സാധിക്കുമെന്നും ജോഷി വ്യക്തമാക്കി.മഹാഋഷി മഹേഷ് യോഗിയുടെ യോഗയെ ആസ്പദമാക്കി ന്യൂയോര്‍ക്കില്‍ നടത്തിയ പരീക്ഷണത്തില്‍ അവിടുത്ത കുറ്റകൃത്യങ്ങളുടെ നിരക്ക് ഒരു പരിധി വരെ കുറഞ്ഞതായി അദ്ദേഹം പറഞ്ഞു .
വേദ ഉപനിഷത് മന്ത്രങ്ങള്‍ ജപിച്ച ശേഷം ഏത് ജോലി ചെയ്താലും അതിന് നല്ല ഫലം ലഭിക്കും. മുസ്ലീം സഹോദരന്മാര് ദിവസത്തില്‍ അഞ്ച് തവണ യോഗ (നമാസ്) ചെയ്യുന്നുണ്ടെന്നും പ്രവാചകനായ മുഹമ്മദ് വലിയ യോഗിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ എല്ലാ സുരക്ഷാ സൈന്യത്തിനും പൊലീസിനും യോഗ വിദ്യാഭ്യാസം നല്‍കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. രാജ്യത്ത് സമാധാനം കൊണ്ടുവരാന്‍ ഏറ്റവും നല്ല മാര്‍ഗം യോഗയാണെന്നും എല്ലാ വിദ്യാഭ്യാസ മേഖലയിലും അത് കൊണ്ടു വരേണ്ടത് വളരെ അത്യാവശ്യമാണെന്നും ബിജെപി നേതാവ് വ്യക്തമാക്കി.
Discussion about this post