ഒരു സംസ്ഥാനം ഭരിക്കുന്ന പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടും ശൈലിയും എങ്ങനെയായിരിക്കണം എന്നറിയാന്‍ താത്പര്യം ഉള്ളവര്‍ ആരെ കണ്ടു പഠിക്കണം..? വേറെ വേറെ എങ്ങോട്ടും നോക്കേണ്ടതില്ല. നമ്മുടെ അതിര്‍ത്തിയ്ക്കപ്പുറത്തെ തമിഴ്നാട്ടിലേയ്ക്ക് ഒന്ന് കണ്ണയച്ചാല്‍ മതിയാകും.
കേരളത്തിലെ സര്‍ക്കാര്‍ ബോധം കെട്ട് കിടക്കുന്ന സമയം. ഭരണമുന്നണിയുടെ ജനവിരുദ്ധത നയങ്ങളെ തുറന്നു കാട്ടി അവയ്ക്കെതിരെ ജനകീയസമരങ്ങള്‍ ഏറ്റെടുത്ത് നയിക്കേണ്ട മുന്നണിയിലെ പ്രധാനകക്ഷി ഉള്‍പ്പാര്‍ട്ടി തൊഴുത്തില്‍ക്കുത്ത് മൂലം വശംകെട്ട് നില്ക്കുന്ന സമയം. ജീവിതം വഴിമുട്ടിയ്ക്കുന്ന സാഹചര്യങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ക്ക് അവധികൊടുത്ത്, ‘വി.എസ് പുറത്തുപോകുമോ ..?’ എന്ന ഒരൊറ്റ ചോദ്യവുമായി മലയാളിമക്കള്‍ ചാനലുകള്‍ക്ക് മുന്നില്‍ ചടഞ്ഞു കൂടുന്ന സമയം. ഇതല്ലാതെ വേറെ ഏതാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് അടിത്തറ ഇടാന്‍ പറ്റിയ സമയം..?
ബേബി ഡാം ബലപ്പെടുത്തിയാല്‍ ജലനിരപ്പ് ഇനിയും ഉയര്‍ത്താം എന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തില്‍ ഇത്രയും വലിയ ഒരു കെണി ഒളിഞ്ഞിരിപ്പുണ്ട് എന്ന് നമ്മുടെ സര്‍ക്കാരോ നിയമവകുപ്പോ കോടതിയില്‍ നമുക്ക് വേണ്ടി സ്ഥിരം തോല്‍ക്കുന്ന വക്കീലന്മാരോ അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു. എന്തായാലും അതിബുദ്ധിമാണെന്ന് സ്വയം പുകഴ്ത്തുന്ന, ദിവസവും രണ്ടു നേരം കുളിക്കാന്‍ മറക്കാത്ത, അലക്കിത്തേച്ച കുപ്പായം ഇല്ലാതെ പുറത്തിറങ്ങാന്‍ മടിക്കുന്ന, തമിഴനെ വൃത്തിയില്ലാത്തവന്‍ എന്ന് വിളിച്ചു പരിഹസിക്കുന്ന മലയാളിയുടെ തലച്ചോറിനെക്കാള്‍ പതിന്മടങ്ങ് പ്രവര്‍ത്തനക്ഷമമാണ് തന്റേത് എന്ന് തമിഴന് വീണ്ടും വീണ്ടും തെളിയിക്കുന്നു. ബേബി ഡാം ബലപ്പെടുത്താന്‍ 20 കോടി രൂപയുടെ പദ്ധതിയുമായി തമിഴ്നാട് അവിടെ പണി തുടങ്ങി കഴിഞ്ഞു. നമുക്ക് എന്തായാലും സമ്മേളനക്കാഴ്ച കഴിഞ്ഞിട്ട് മതി മുല്ലപ്പെരിയാറും ബേബി ഡാമും മറ്റും.
മുല്ലപ്പെരിയാറില്‍ വെള്ളം നിറഞ്ഞതിന്റെ പേരില്‍ ഉറക്കം നഷ്ടപ്പെട്ട ഒരു മന്ത്രി നമുക്ക് ഉണ്ട്. അന്ന് 136 അടി എത്തിയപ്പോഴാണ് അദ്ദേഹം ഉറക്കമില്ലാതെ ഉഴറിയത്. ഇനിയിപ്പോള്‍ ഈ അധിക 18 അടിയ്ക്ക് വേണ്ടി നഷ്ടപ്പെടാന്‍ എന്തുണ്ടാകും അദ്ദേഹത്തിന്റെ പക്കല്‍..?
നമ്മള് ആലോചിച്ച് ഉറക്കം കളയേണ്ട വിഷയമാണിത്. മധ്യകേരളത്തിന്റെ ഉച്ചിയില്‍ സ്ഥിതി ചെയ്യുന്ന ഈ ജലബോംബ്, പ്രബുദ്ധരെന്നു സ്വയം അഹങ്കരിക്കുന്ന മലയാളി വര്‍ഗം വിവിധകാലങ്ങളില്‍ തെരഞ്ഞെടുത്ത് ഭരിക്കാന്‍ വിട്ട വിവിധ സര്‍ക്കാരുകളുടെ അലംഭാവത്തിന്റെയും കെടുകാര്യസ്ഥതയുടെയും ബിംബമാണ്.
മുല്ലപ്പെരിയാര്‍ എന്നത് തമിഴന് അതിജീവനത്തിനും കാര്ഷികാവശ്യങ്ങള്ക്കുമുള്ള ജലസ്രോതസ്സാണെങ്കില് നമുക്ക് അത് തേക്കടി ബോട്ട് യാത്രയ്ക്കിടയില്‍ കാണുന്ന ഒരു ഡാം മാത്രമാണ്. നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് കാലാകാലങ്ങളില്‍ രാഷ്ട്രീയമുതലെടുപ്പ് നടത്താനും ജനശ്രദ്ധ തിരിച്ചുവിടാനും ഉള്ള ഒരു ഉപാധിയും.
Discussion about this post