കൊല്ലം എംഎല്‍എ മുകേഷിനെ കാണാനില്ലെന്ന് കാണിച്ച് പരാതി . യൂത്ത് കോണ്‍ഗ്രസ് കൊല്ലം അസംബ്ലി കമ്മിറ്റിയാണ് കൊല്ലം വെസ്റ്റ് എസ്ഐക്ക് പരാതി നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എംഎല്‍എയുടെ തലവെട്ടം പോലും മണ്ഡലത്തില്‍ കാണാനില്ലാത്തതിനാലാണ് ഇത്തരമൊരു പരാതി നല്‍കിയതെന്ന് അസംബ്ലി കമ്മറ്റി പ്രസിഡന്റ് അഡ്വ.വിഷ്ണു സുനില്‍ പന്തളം പറയുന്നു.
കൊല്ലത്ത് അടിയന്തപ്രാധാന്യമുള്ള പരിപാടികളില്‍ എംഎല്‍എയെ രണ്ടില്ലെന്നാണ് പരാതിയുടെ കാതല്‍. കളക്ട്രേറ്റില്‍ ബോംബ് സ്ഫോടനം ഉണ്ടായപ്പോള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുളളവര്‍ വരെ സ്ഥലം സന്ദര്‍ശിച്ചു. അവിടെയും സ്ഥലം എംഎല്‍എയെ കണ്ടില്ല. മുഖ്യമന്ത്രി പങ്കെടുത്ത പൊതുപരിപാടിയിലും എംഎല്‍എ മുകേഷിനെ കണ്ടില്ല. പ്രകൃതിക്ഷോഭങ്ങള്‍ മൂലം കൊല്ലത്തിന്റെ തീരദേശ മേഖലയില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടും എംഎല്‍എയെ കാണാനോ പരാതി പറയാനോ പൊതുജനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.
എംഎല്‍എയെ കാണണമെന്ന പൊതുജനങ്ങളുടെ ആവശ്യം നിരന്തരമായപ്പോഴാണ് ഇത്തരമൊരു പരാതിയുമായി മുന്നിട്ടിറങ്ങിയതെന്നും വിഷ്ണു പറഞ്ഞു. ജനപ്രതിനിധിയായാല്‍ മുഴുവന്‍ സമയവും മണ്ഡലത്തിലുണ്ടാകുമെന്ന മുകേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാപണകാലത്തെ ഉറപ്പ് ജനങ്ങളെ പറ്റിക്കുന്നതിനായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. വിഷയത്തില്‍ മുകേഷിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.
Discussion about this post