ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തെ ചൈന എതിര്‍ത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് മറുപടി നല്‍കി ചൈന. ചൈനയുടെ എതിര്‍പ്പ് ഇന്ത്യയോടല്ലെന്നും പൊതുവായുള്ള ചില കാര്യങ്ങളിലാണെന്നും ചൈനിസ് വിദേശകാര്യ ഉപമന്ത്രി ലി ഹുയ്‌ലായ് പറഞ്ഞു. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത രാജ്യങ്ങളെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ അംഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍, വിഷയത്തില്‍ അംഗ രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നാണ് ചൈന ആവശ്യപ്പെടുന്നത്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത എല്ലാ രാജ്യങ്ങളോടുമുള്ള ചൈനയുടെ നിലപാട് ഇതാണെന്നും ഏതെങ്കിലുമൊരു രാജ്യത്തെ ലക്ഷ്യം വെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ഇന്ത്യക്ക് എന്‍.എസ്.ജി അംഗത്വം നല്‍കുന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ ത്വരിതപ്പെടുത്തുന്നതിന് അര്‍ജന്റീന അംബാസിഡര്‍ റാഫേല്‍ ഗ്രോസിയെ ചുമതലപ്പെടുത്തിയതിനെക്കുറിച്ച് അറിയില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹോങ് ലീയും പറഞ്ഞിരുന്നു. അതേസമയം ആണവകരാറില്‍ ഒപ്പുവെക്കാത്ത രാജ്യങ്ങളെയും ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ വര്‍ഷം അവസാനം എന്‍.എസ്.ജി വീണ്ടും യോഗം ചേര്‍ന്നേക്കുമെന്ന വാര്‍ത്തകളോട് ലീ പ്രതികരിച്ചില്ല.
ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കവും ‘പുതുതായുണ്ടായ ചില പ്രശ്‌നങ്ങളും’ ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വെല്ലുവിളിയാണെന്ന് ചൈന സമ്മതിച്ചു. അയല്‍ രാജ്യങ്ങളെന്ന നിലയില്‍ ഇന്ത്യക്കും ചൈനക്കുമിടയില്‍ അതിര്‍ത്തി തര്‍ക്കവും പുതിയ ചില പ്രശ്‌നങ്ങളും ഉള്‍പ്പെടെ ചരിത്രപരമായ പ്രശ്‌ന വിഷയങ്ങളുണ്ട്. ഈ വിഷയങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തിലെ വെല്ലുവിളിയെന്നും ചൈനീസ് വിദേശകാര്യ ഉപമന്ത്രി പറഞ്ഞു. അതേസമയം, പുതുതായുണ്ടായ പ്രശ്‌നങ്ങള്‍ എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഈ വര്‍ഷം ഏപ്രിലില്‍ ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തിയിരുന്നു.. ദക്ഷിണ തിബത്തിന്റെ ഭാഗമെന്ന് ചൈന അവകാശപ്പെടുന്ന അരുണാചല്‍ പ്രദേശ് ഉള്‍പ്പെടെ 2000 കിലോമീറ്റര്‍ അതിര്‍ത്തിയെക്കുറിച്ചാണ് തര്‍ക്കമെന്നാണ് ചൈന വാദിക്കുന്നത്. എന്നാല്‍, 1962ലെ യുദ്ധത്തില്‍ ചൈന കൈവശപ്പെടുത്തിയ അക്‌സായിചിന്‍ ഉള്‍പ്പെടെ യഥാര്‍ഥ നിയന്ത്രണ രേഖയെക്കുറിച്ച് മുഴുവന്‍ തര്‍ക്കമുണ്ടെന്നാണ് ഇന്ത്യയുടെ വാദം.
Discussion about this post