കാഞ്ഞങ്ങാട്: കള്ളവോട്ടു ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെതിരെ കേസെടുത്തു. കെ.കുഞ്ഞിരാമന് എം.എല്‍.എ ആണ് പരാതി നല്‍കിയത്. പരാതിയില്‍ കാഞ്ഞങ്ങാട് കോടതിയുടെ നിര്‍ദേശപ്രകാരം ബേക്കല്‍ പോലീസ് കേസെടുത്തു. നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെയാണ് കള്ളവോട്ട് ചെയ്യാന്‍ കെ.സുധാകരന് അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതെന്നാണ് പരാതി. ഉദുമയില്‍ കുടുംബയോഗത്തിലെ പ്രചാരണത്തിലാണ് സുധാകരന് വിവാദ പരാമര്‍ശം നടത്തിയത്. സി.പി.എം കള്ളവോട്ട് ചെയ്യാന്‍ ശ്രമിക്കും. എല്‍.ഡി.എഫ് എത്രമാത്രം വോട്ട് ചെയ്യുന്നുവോ അത്രയും വോട്ട് നമ്മളും ചെയ്യണമെന്നായിരുന്നു സുധാകരന് പറഞ്ഞത്. നൂറോളം പേര് മാത്രം പങ്കെടുത്ത കുടുംബ യോഗത്തിലായിരുന്നു സുധാകരന്റെ പരാമര്‍ശം. ഇത് സ്ഥലത്തുണ്ടായിരുന്ന ആരോ മൊബൈലില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെയാണ് വിവാദമായത്.
ഇതോടെ ഇടതുമുന്നണി കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ തടയണമെന്നു മാത്രമാണ് താന്‍ പറഞ്ഞതെന്ന വിശദീകരണവുമായി സുധാകരന് രംഗത്തെത്തി. സുധാകരനെതിരെ കുഞ്ഞിരാമന് ആദ്യം ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും പരാതി സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ല. ഇതേതുടര്‍ന്നാണ് കുഞ്ഞിരാമന് കോടതിയെ സമീപിച്ചത്.
Discussion about this post