പയ്യന്നൂര്‍: പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ സി.വി. ധനരാജ് വെട്ടേറ്റുമരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം ഇന്ന് പയ്യന്നൂര്‍ അസംബ്ലി മണ്ഡലത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണു ഹര്‍ത്താല്‍.
കുന്നരു കാരന്താട്ടെ പരേതനായ മന്ദ്യത്ത് കൃഷ്ണന്‍-തുളേരി വീട്ടില്‍ മാധവി ദമ്പതികളുടെ മകന്‍ സി.വി. ധനരാജ് (44) ആണ് വെട്ടേറ്റുമരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞു ബൈക്കില്‍ വീട്ടിലെത്തിയ ഉടനെയായിരുന്നു മൂന്നു ബൈക്കുകളിലായി എത്തിയ ഒമ്പതോളം വരുന്ന സംഘത്തിന്റെ അപ്രതീക്ഷിതമായ ആക്രമണം. ആയുധധാരികളായ സംഘത്തിന്റെ അക്രമത്തില്‍ ശരീരമാസകലം വെട്ടേറ്റ ധനരാജിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അക്രമസമയത്ത് ധനരാജിന്റെ വീട്ടിലുള്ള സ്ത്രീകളടക്കമുള്ളവരുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിക്കൂടിയെങ്കിലും അക്രമികള്‍ ആളുകളെ വടിവാള്‍ വീശി ഓടിക്കുകയായിരുന്നു. വെട്ടേറ്റ് അവശനിലയിലായ ധനരാജിനെ അക്രമിസംഘം ഉപേക്ഷിച്ചുപോയശേഷമാണ് സമീപവാസികള്‍ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിനു പിന്നില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. സംഭവമറിഞ്ഞ് പോലീസും ജനക്കൂട്ടവും ധനരാജിന്റെ വീട്ടിലെത്തി. ഭാര്യ: സജിനി. രണ്ടു മക്കളുണ്ട്. സഹോദരങ്ങള്‍: മണി, നളിനി.
അക്രമസംഭവമറിഞ്ഞ് കണ്ണൂര്‍ റേഞ്ച് ഐജി ദിനേന്ദ്ര കശ്യപ്, തളിപ്പറമ്പ് ഡിവൈഎസ്പി അരവിന്ദാക്ഷന്‍ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
Discussion about this post