ശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡകര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്ന് കശ്മീരില്‍ വെള്ളിയാഴ്ച തുടങ്ങിയ സംഘര്‍ഷങ്ങള്‍ക്ക് നാലാം ദിവസവും ശമനമായില്ല. കുല്‍ഗാമിലെ ധമാല്‍ ഹഞ്ജിയില്‍ പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് 70ഓളം തോക്കുകള്‍ തട്ടിയെടുത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക് ആയുധങ്ങളാണ് തട്ടിയെടുത്തത്.
ചൊവ്വാഴ്ച്ച നാല് സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച് തോക്കുകള്‍ തട്ടിയെടുക്കാനുള്ള ശ്രമം വിഫലമായിരുന്നു. പ്രതിഷേധക്കാര്‍ തോക്കുകള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ചെറുത്ത് നില്‍പ്പ് നടത്തി. സമാനമായ മറ്റൊരു സംഭവത്തില്‍ കുലാപുരയിലും പ്രക്ഷോഭകരുടെ ശ്രമം സൈന്യം വിഫലമാക്കി.
സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ തുടരുകയാണ്.ഇവിടെ സുരക്ഷാസേനയുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രണ്ട് പേര്‍കൂടി കൊല്ലപ്പെട്ടതോടെ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 32 ആയി. പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവര്‍ 300 കടന്നു. തിങ്കളാഴ്ചയും താഴ്വരയിലെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാസേനയും പ്രക്ഷോഭകരും ഏറ്റുമുട്ടി. സോപോറിലെ പൊലീസ് സ്റ്റേഷനും പുല്‍വാമയിലെ വ്യോമസേനയുടെ വിമാനത്താവളത്തിനും നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി.
Discussion about this post