കൊച്ചി: മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം.കെ ദാമോദരന്‍ ക്വാറി ഉടമകള്‍ക്ക് വേണ്ടിയും വെള്ളിയാഴ്ച ഹൈക്കോടതിയില്‍ ഹാജരാകും. സര്‍ക്കാരിനെതിരായ കേസിലാണ് ക്വാറി മാഫിയക്ക് വേണ്ടി ദാമോദരന്‍ ഹാജരാകുന്നത്. വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഈ കേസ് പരിഗണിക്കുന്നത്.
നേരത്തെ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ് നടത്തിയ സാന്റിയാഗോ മാര്‍ട്ടിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനെതിരെ അദ്ദേഹം നല്കിയ ഹര്‍ജിയില്‍ എം.കെ ദാമോദരന്‍ ഹാജരായത് വിവാദമായിരുന്നു. അതിന് പിന്നാലെ കശുവണ്ടി വികസന കോര്‍പറേഷനിലെ അഴിമതിക്കേസില്‍ പ്രതിയായ ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രശേഖരന് വേണ്ടിയും അദ്ദേഹം ഹാജരായി.
ഇങ്ങനെ വിവാദം ചൂടേറിയ ചര്‍ച്ചയായിരിക്കെയാണ് അടുത്തതായി ക്വാറി ഉടമകള്ക്ക്വേണ്ടി സര്‍ക്കാരിനെതിരെ സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് തന്നെ ഹൈക്കോടതിയില്‍ ഹാജരാകുന്നത്. ക്വാറികള്‍ക്ക് പരിസ്ഥിതി അനുമതി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയിലാണ് ദാമോദരന്‍ ഹാജരാകുക. മുന്‍പും ദാമോദരന്‍ ഈ കേസില്‍ ക്വാറി ഉടമകള്‍ക്കായി ഹാജരായിട്ടുണ്ട്.
സാന്റിയാഗോ മാര്ട്ടിന് വേണ്ടി ദാമോദരന്‍ ഹാജരായപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഈ കേസില്‍ കക്ഷിയല്ല. കേന്ദ്രസര്‍ക്കാരാണ് എതിര്‍കക്ഷി എന്നായിരുന്നു സി.പി.എം കേന്ദ്രങ്ങളുടെ വിശദീകരണം. ഈ ന്യായീകരണത്തിനിടയിലാണ് വെള്ളിയാഴ്ച സംസ്ഥാന സര്‍ക്കാരിനെതിരെ അദ്ദേഹം ഹാജരാകാന്‍ ഒരുങ്ങുന്നത്.
Discussion about this post