ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഷീല ദീക്ഷിതിനെ പാര്‍ട്ടി പ്രഖ്യാപിച്ചു. അനുഭവ സമ്പത്തും മികച്ച പ്രവര്‍ത്തനവും കണക്കിലെടുത്താണ് ഷീല ദീക്ഷിതിനെ ദൗത്യം ഏല്‍പ്പിക്കുന്നതെന്ന് മുതിര്‍ന്ന നേതാവ് ജനാര്‍ഥന്‍ ദ്വിവേദി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഏല്‍പ്പിച്ചിരിക്കുന്നത് ഭാരിച്ച ഉത്തരവാദിത്വമാണെന്ന് ഷീല ദീക്ഷിത് പ്രതികരിച്ചു. പ്രയങ്കാഗാന്ധി പ്രചാരണത്തിന് നേതൃത്വം നല്‍കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.
രാഷ്ട്രീയ പ്രാധാന്യം ഏറെ കല്‍പ്പിക്കപ്പെടുന്ന തിരഞ്ഞെടുപ്പാണ് യു.പിയില്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്നത്. ബോളിവുഡ് താരവും കോണ്‍ഗ്രസ് നേതാവുമായ രാജ് ബബ്ബാറിനെ യു.പിയിലെ കോണ്‍ഗ്രസ് അധ്യക്ഷനായിനായി കഴിഞ്ഞ ദിവസം പാര്‍ട്ടി നിയോഗിച്ചിരുന്നു. ഉത്തര്‍പ്രദേശിന്റെ മരുമകളാണ് താനെന്നും പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ചുമതലയും ഏറ്റെടുക്കാന്‍ തയ്യാറാണെന്നും ഷീല ദീക്ഷിത് നേരത്തെ പറഞ്ഞിരുന്നു. മൂന്ന് തവണ ഡല്‍ഹി മുഖ്യമന്ത്രി പദത്തിലിരുന്ന കോണ്‍ഗ്രസ് നേതാവാണ് ഷീല ദീക്ഷിത്.
ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ട നേതാവായ ഷീല ദീക്ഷിത് യു.പി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുന്‍നിരയില്‍ ഉണ്ടാകുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ അഭിപ്രായപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ വോട്ടുബാങ്കായിരുന്ന ബ്രാഹ്മണ വിഭാഗത്തിന്റെ വോട്ടുകള്‍ ബി.ജെ.പിക്കും ബി.എസ്.പിക്കുമായി ഭിന്നിച്ചുപോയത് പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന വിലയിരുത്തലിനെ തുടര്‍ന്നായിരുന്നു ഇത്.
Discussion about this post