ഡല്‍ഹി: കേരളത്തില്‍ നിന്നും കാണാതായ 17 മലയാളികള്‍ ഇന്ത്യ വിട്ടത് ഇറാനിലേക്കുള്ള ടൂറിസ്റ്റ് വിസയിലെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 17 പേരാണ് കേരളത്തില്‍ നിന്നും ടെഹ്റാനിലേക്ക് കടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ കണ്ടെത്താന്‍ ഇന്ത്യ ഇറാന്റെ സഹായം തേടി.
കാണാതാകുന്നതിന് മുമ്പ് 17 പേരും ഇറാന് തലസ്ഥാനമായ ടെഹ്റാനിലെത്തിയെന്ന് സ്ഥിരീകരിച്ചതായി മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് പറയുന്നു. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ഇറാന് കൈമാറിയതായും ടെഹ്റാനില്‍ നിന്നും ഇവര്‍ എങ്ങോട്ടാണ് പോയത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ തേടിയതായും അദ്ദേഹം വ്യക്തമാക്കി. ഒമ്പത് പുരുഷന്മാരും നാല് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നതാണ് സംഘം. ഇതില്‍ മൂന്ന് സ്ത്രീകള്‍ ഗര്‍ഭിണികളാണ്.
ഒരു മാസം മുമ്പ് രണ്ട് വ്യത്യസ്ത സംഘങ്ങളായിട്ടാണ് കാണാതായവര്‍ ഇന്ത്യ വിട്ടത്. ഒമാന്‍ തലസ്ഥാനമായ മസ്കത്ത് വഴിയാണ് ഒരു സംഘം ടെഹ്റാനിലേക്ക് പുറപ്പെട്ടത്. മറ്റൊരു സംഘം ദുബായ് വഴിയും. സുരക്ഷാ ഏജന്‍സികളുടെ ശ്രദ്ധതിരിക്കാനാണിതെന്ന് സംശയിക്കുന്നതായും കുടുംബവുമായി ടെഹ്റാനിലേക്ക് ടൂറിസ്റ്റ് വിസയില്‍ യാത്ര ചെയ്യുന്നത് ആര്‍ക്കും സംശയം തോന്നാതിരിക്കാനാകുമെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് പറയുന്നു.
ടെഹ്റാനില്‍ നിന്നും സിറിയയിലെ റക്കയിലേക്കോ അഫ്ഗാനിലെ ഖൊറാസാനിലേക്കോ കടന്നിട്ടുണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം. ഇറാന് അതിര്‍ത്തി കടന്ന് അഫ്ഗാനിലെ ഖൊറാസാന്‍ പ്രവിശ്യയിലുള്ള ഇസ്ലാമിക് സ്റ്റേറ്റ് ക്യാംപില്‍ ഇവരെത്തിയിട്ടുണ്ടാകുമെന്നാണ് ഒരു സാധ്യത. ഖൊറാസാന്‍ ഐഎസിന്റെ നിയന്ത്രണത്തിലായതിനാല്‍ തങ്ങള്‍ ഇസ്ലാമിക രാഷ്ട്രത്തിലെത്തിയെന്ന തരത്തില്‍ ഇവര്‍ ബന്ധുക്കള്‍ക്കയച്ച സന്ദേശം അതാകാം സൂചിപ്പിക്കുന്നത്. ഇറാന്റെ പടിഞ്ഞാറന്‍ അതിര്‍ത്തി കടന്ന് ഇറാഖ് വഴി സിറിയയിലെ ഐഎസ് കേന്ദ്രമായ റക്കയിലേക്ക് കടന്നിട്ടുണ്ടാവാമെന്നാണ് മറ്റൊരു അനുമാനം.
കാണാതായവര്‍ക്ക് യാത്ര ചെയ്യാനുള്ള പണം എവിടെന്ന് ലഭിച്ചുവെന്നത് സംബന്ധിച്ച് ഒന്നും പറയാനായിട്ടില്ലെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. കേരളത്തില്‍ നിന്നും കാണാതായ മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ലെന്നും രഹസ്യാന്വേഷണ വൃത്തങ്ങള്‍ വ്യക്തമാക്കി. ടെഹ്റാനിലേക്ക് കടന്നതു സംബന്ധിച്ച വ്യക്തമായ സൂചന ലഭിച്ചതോടെ എല്ലാ വിമാനത്താവളങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കാസര്‍കോഡ് ജില്ലയില്‍ നിന്നുള്ളവരാണ് ഈ 17 പേരും. തങ്ങള്‍ ഇസ്ലാമിക രാജ്യത്ത് എത്തിയെന്ന് കേരളത്തിലെ ബന്ധുക്കള്‍ക്ക് ഇവര്‍ സന്ദേശമയച്ചിരുന്നു. കാണാതായവരില്‍ ഒരാള്‍ പ്രദേശത്തെ സ്കൂള്‍ മാനേജറാണ്. ഇയാളും ഭാര്യയും അടുത്തിടെ ഇസ്ലാമിലേക്ക് മതം മാറിയിരുന്നു.
Discussion about this post