ഡല്‍ഹി: എം.പിയും മുന്‍മന്ത്രിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്ക്കറിന്റെ മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം പാക്കിസ്താന് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിനെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തെന്ന് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലിനായി മൂന്ന് മാസം മുന്‍പ് തരാര്‍ ഇന്ത്യയിലെത്തിയിരുന്നുവെന്നും സെന്‍ട്രല്‍ ഡല്‍ഹിയിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യലെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലെ തന്നെ ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഇക്കാര്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നുളളൂ.
അന്വേഷണത്തോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അയച്ച കത്തിനോട് അനുകൂലമായാണ് തരാര്‍ പ്രതികരിച്ചത്. ഫെബ്രുവരിയില്‍ ഡല്‍ഹി ഡി.സി.പിയെ ഇക്കാര്യം രേഖാമൂലം അറിയിക്കുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ ശശി തരൂരുമായി പ്രണയബന്ധമുണ്ടെന്ന ആരോപണം അവര്‍ നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്. ശശി തരൂരുമായി ഇമെയിലുകളോ മറ്റു സന്ദേശങ്ങളോ കൈമാറിയെന്ന വാര്‍ത്തയും ഇവര്‍ നിഷേധിച്ചു.
2014 ജനുവരി 17നാണ് അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന ശശി തരൂരിന്റെ ഭാര്യയായ സുനന്ദ പുഷ്കറിനെ ലീല ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശശി തരൂരുമായി മെഹര്‍ തരാറിന് ബന്ധമുണ്ടെന്ന് ആരോപിച്ച് സുനന്ദ പുഷ്കര്‍ ട്വിറ്ററിലൂടെ രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മെഹര്‍ തരാറും ശശി തരൂരും തമ്മില്‍ കൈമാറിയ സന്ദേശങ്ങള്‍ ലഭിക്കാന്‍ സഹായിക്കണമെന്ന് സുനന്ദ തന്നോട് ആവശ്യപ്പെട്ടിരുന്നതായി മാധ്യമ പ്രവര്‍ത്തക നളിനി സിങ് മജിസ്ട്രേറ്റിന് മുമ്പില്‍ മൊഴി നല്‍കിയിരുന്നു.
Discussion about this post