ക്ലീവ്‌ലാന്‍ഡ്: യു.എസ് പ്രസിഡന്റ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മല്‍സരിക്കാനൊരുങ്ങുന്ന ഡൊണാള്‍ഡ് ട്രംപിനെതിരെ നൂറ് യുവതികള്‍ നഗ്‌നരായി പ്രതിഷേധിച്ചു. ട്രംപിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതിനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ കണ്‍വന്‍ഷന്‍ തുടങ്ങാനിരിക്കെയാണ് ക്‌ളീവ് ലാന്‍ഡില്‍ വ്യത്യസ്തമായ പ്രതിഷേധ പരിപാടി അരങ്ങേറിയത്. ഫോട്ടോഗ്രാഫര്‍ സ്‌പെന്‍സര്‍ ടുനിക്കാണ് ഇന്‍സ്റ്റലേഷന് വേണ്ടി പരിപാടി സംഘടിപ്പിച്ചത്. കലയും രാഷ്ട്രീയവും ഒന്നിപ്പിച്ച് നൂറിലധികം വരുന്ന സ്ത്രീകള്‍ നഗ്‌നരായി കണ്ണാടിയുമായി നില്‍ക്കുന്ന ചിത്രത്തിലൂടെ ട്രംപ് വൈറ്റ് ഹൗസിന് അനുയോജ്യനല്ല എന്ന സന്ദേശം നല്‍കുകയാണ് ടുനിക്.
ട്രംപ് ഒരു പരാജിതനാണെന്നാണ് ടുനിക്കിന്റെ അഭിപ്രായം. 130 സ്ത്രീകളാണ് ഫോട്ടോ ഷൂട്ടിനായി എത്തിയത്. ഇതില്‍ നിന്ന് തെരഞ്ഞെടുത്ത നൂറു പേരാണ് ഫോട്ടോയിലുള്ളത്. വിവിധ നിറങ്ങളിലുള്ളവര്‍, ഉയരം കൂടിയവര്‍, കുറഞ്ഞവര്‍ എന്നിങ്ങനെയുള്ളവര്‍ ഇന്‍സ്റ്റലേഷനില്‍ പങ്കെടുത്തു. രാജ്യത്ത് ഭിന്നിപ്പിന് വഴിവെക്കുന്നവയാണ് ട്രംപിന്റെ നയങ്ങള്‍ എന്നും ടുനിക് അഭിപ്രായപ്പെട്ടു.
റിപ്പബ്‌ളിക്കന്‍ കണ്‍വന്‍ഷന്‍ നടക്കുന്നതിന് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഫോട്ടോ ഷൂട്ട് നടന്നത്.സ്ത്രീകളുടെ കൈവശം നല്‍കിയ കണ്ണാടിയില്‍ പ്രദേശത്തിന്റെ പശ്ചാത്തലം പ്രതിബിംബമാകുന്ന തരത്തിലാണ് ചിത്രമെടുത്തത്. പൊതുസ്ഥലത്തെ നഗ്‌നതാ പ്രദര്‍ശനം ക്‌ളീവ് ലാന്‍ഡില്‍ കുറ്റമാണ്.
നവംബര്‍ എട്ടിനാണ് യുഎസ് തിരഞ്ഞെടുപ്പ്. ഇതിന് മുന്നോടിയായി ചിത്രങ്ങള്‍ പുറത്തുവിടും.
Discussion about this post