മൂവാറ്റുപുഴ: ഓടിക്കൊണ്ടിരുന്ന ആംബുലന്‍സിന് തീപിടിച്ച് വൃദ്ധനും മകളും മരിച്ചു. രണ്ടു പേര്‍ക്ക് പൊള്ളലേറ്റു. ഡ്രൈവറടക്കം മറ്റ് രണ്ടുപേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഏറ്റുമാനൂര്‍ വട്ടച്ചിറ വാരക്കാലായില്‍ വി.ജെ. ജയിംസ് (72), മകള്‍ തിരുവനന്തപുരം കേശവദാസപുരം മഞ്ഞാങ്കല്‍ ഷാജിയുടെ ഭാര്യ അമ്പിളി (45) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 7.30ഓടെ എം.സി റോഡില്‍ മൂവാറ്റുപുഴ-കോട്ടയം റൂട്ടിലെ മീന്‍കുന്നം സാറ്റലൈറ്റിന് സമീപമായിരുന്നു അപകടം. വയനാട്, കല്പറ്റയില്നിന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് വരുകയായിരുന്ന ആംബുലന്‍സിനാണ് തീപിടിച്ചത്.
ആംബുലന്‍സിലുണ്ടായിരുന്ന ജയിംസിന്റെ മകന്റെ ഭാര്യ ജോയിസ് (45), ഹോം നഴ്സ് കുമളി ഉത്തമപാളയം അംബേദ്കര്‍ കോളനിയില്‍ ലക്ഷ്മി (60) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ആംബുലന്‍സിലുണ്ടായിരുന്ന മെയില്‍ നഴ്സ് മെന്വിന് (24), ആംബുലന്‍സ് ഡ്രൈവര്‍ കൃഷ്ണദാസ് (40) എന്നിവരാണ് രക്ഷപ്പെട്ടത്.കല്പറ്റയില് നാട്ടുചികിത്സകനായിരുന്ന ജയിംസിനെ പനിബാധിച്ച് ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് മാനന്തവാടി സെന്റ് ജോസഫ് ആശുപത്രിയില്‍നിന്ന് ചൊവ്വാഴ്ച ഉച്ചയോടെ ആംബുലന്‍സില്‍ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് കൊണ്ടുവരുകയായിരുന്നു.
കല്പറ്റ ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഐ.സി.യു സൗകര്യമുള്ള ആംബുലന്‍സിലായിരുന്നു യാത്ര. ആംബുലന്‍സ് മൂവാറ്റുപുഴ മീന്‍കുന്നത്ത് എത്തിയപ്പോള്‍ രോഗി കിടക്കുന്ന ഭാഗത്തെ ഓക്സിന് സിലിണ്ടറിന്റെ സമീപത്തുനിന്ന് തീയും പുകയും ഉയര്‍ന്നു. രോഗിക്കൊപ്പമുണ്ടായിരുന്ന മെയില്‍ നഴ്സ് മെല്വിന് വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് മുന്‍വശത്തെ വാതില്‍ വഴി പുറത്തുചാടി ഇതുവഴി ലക്ഷ്മിയെയും രക്ഷപ്പെടുത്തി. തീ ആളിപ്പടര്‍ന്ന് പെട്ടെന്ന് വാഹനം മുന്നോട്ടുകുതിച്ച് തൊട്ടടുത്ത പറമ്പിലേക്ക് മറിയുകയായിരുന്നു. ഉടന്‍ വന്‍ ശബ്ദത്തോടെ ആംബുലന്‍സ് പൊട്ടിത്തെറിച്ചു. ജയിംസും അമ്പിളിയും അവിടെവെച്ചുതന്നെ മരിച്ചു.
Discussion about this post