കൊച്ചി: കേരള കോണ്‍ഗ്രസ്-എം നേതാവ് കെ.എം.മാണി ചരിത്രത്തെ വളച്ചൊടിക്കുകയല്ല, ഇല്ലായ്മ ചെയ്യുകയാണെന്നു കേരള കോണ്‍ഗ്രസ്-ബി ചെയര്മാന് ആര്.ബാലകൃഷ്ണപിള്ള. തൊടുപുഴയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.ടി.ചാക്കോ ഒരിക്കലും മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചിട്ടില്ല. ഡെപ്യൂട്ടി മുഖ്യമന്ത്രി പോലും ആകാന്‍ ശ്രമിക്കാത്ത ചാക്കോ എന്ന നേതാവിനെ കുറിച്ചാണ് കേരള കോണ്‍ഗ്രസ്-എം മുഖമാസിക പ്രതിച്ഛായയില്‍ കള്ളത്തരം എഴുതി വിടുന്നത്. ചാക്കോ മരിച്ചിട്ടു കുഴിമാടത്തില്‍ പോലും പോകാത്ത ആളാണ് അദ്ദേഹത്തെയോര്‍ത്ത് വിലപിക്കുന്നതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
മാണി എന്ന രാഷ്ട്രീയ നേതാവിനു കോണ്‍ഗ്രസ് ദുര്‍ബലമാണെന്ന് അറിയാം. അതുകൊണ്ടു തന്നെ കേന്ദ്രത്തില്‍ സ്ഥാനം ലഭിച്ചാല്‍ കേരള കോണ്‍ഗ്രസ്-എം എന്‍ഡിഎയില്‍ പോകുമെന്നും ഉറപ്പാണ്. മാണി ബിജെപിയുടെ കൂടെപോയാല്‍ കേരള കോണ്‍ഗ്രസ് പിളരുമെന്നും പി.ജെ.ജോസഫ് ഒരിക്കലും ബിജെപിയിലേക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ കോണ്‍ഗ്രസ് മാണിയോടും അടൂര്‍ പ്രകാശിനോടും കെ. ബാബുവിനോടും കാണിച്ചതു രണ്ടു നീതിയാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് വ്യക്തമായിരുന്നു. മാണിയുടെ പ്രതിഷേധം ന്യായമാണോ അന്യായമാണോ എന്നൊന്നും ഞാന്‍ വിലയിരുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫ് സര്‍ക്കാര്‍ നല്ല സര്‍ക്കാരാണ്. പിണറായി വിജയന് അഴിമതിക്കാരനുമല്ല. വി.എസിനു ക്യാബിനറ്റ് പദവി നല്‍കിയതിലും പാളിച്ചയില്ലെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി.
തൊടുപുഴയില്‍ കേരള കോണ്‍ഗ്രസ്-ബി ജില്ലാ കമ്മിറ്റിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തെ ന്യൂനപക്ഷ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ തടയുമെന്നു യൂത്ത് ലീഗ്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും നടന്നില്ല. തൊടുപുഴ റസ്റ്റ്ഹൗസ് പരിസരത്ത് വന്‍പോലീസ് സംഘം ക്യാമ്പ് ചെയ്തിരുന്നു.
Discussion about this post