ഖാന്ദ്വാ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിക്കായി തന്റെ സ്കൂള്‍ ബസ് ഉപയോഗിക്കുന്നതു മൂലം ക്ലാസില്‍ പോകാന്‍ കഴിയാതെ ആകുമോയെന്ന് ഭയന്ന് അദ്ദേഹത്തിന് കത്തെഴുതിയിരിക്കുകയാണ് മധ്യപ്രദേശിലെ ഒരു എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി. തന്റെ പഠനത്തെക്കാള്‍ വലുതാണോ താങ്കളുടെ യോഗം എന്നാണ് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ദേവാന്‍ശ് ജയിന് അദ്ദേഹത്തോട് ചോദിച്ചിരിക്കുന്നത്.
സാമൂഹിക മാദ്ധ്യമങ്ങളില്‍ കത്ത് വൈറലായതോടെ പ്രധാനമന്ത്രിയുടെ പരിപാടിക്കായി സ്കൂള്‍ ബസുക്കള്‍ അയക്കണമെന്ന നിര്‍ദ്ദേശം അധികൃതര്‍ പിന്‍വലിച്ചു. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ’70 സാല് ആസാദി, യാദ് കരോ ഖുര്‍ബാനി’എന്ന പ്രചാരണം ആരംഭിച്ച ശേഷം വിപ്ലവകാരിയായ നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ജന്മസ്ഥലം മോദി സന്ദര്‍ശിക്കും.
അലിരാജ്പൂരില്‍ നടക്കുന്ന പ്രധാനമന്ത്രിയുടെ പരിപാടിയെ തുടര്‍ന്ന് സ്കൂള്‍ ബസുകള്‍ പരിപാടിക്കെത്തുന്ന ആളുകള്‍ക്ക് യാത്ര ചെയ്യാനായി കൊണ്ടു പോവുംയ അതിനാല്‍ രണ്ടു ദിവസം സ്കൂളിന് അവധിയായിരിക്കുമെന്ന് ടീച്ചര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ദേവാന്‍ശ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. അമേരിക്കയില്‍ നടന്ന താങ്കളുടെ പ്രസംഗം ഞാന്‍ കേട്ടിരുന്നു.അവിടെ അത് കേള്‍ക്കാന്‍ എത്തിയവര്‍ സ്കൂള്‍ ബസിലല്ല വന്നത്. മോദി ആരാധകനായ താന്‍ മന് കി ബാത്തിന്റെ ഒരു എഡിഷനും വിട്ടു കളയാറില്ലെന്നും അത് പറഞ്ഞ് കളിയാക്കുന്ന കുട്ടികളുമായി അടികൂടുന്നതുമെല്ലാം കത്തില്‍ പറയുന്നുണ്ട്.
മാത്രമല്ല കോണ്‍ഗ്രസ് നേതാക്കളെ പോലെ ആകാതെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനും ഭാവിക്കും പ്രാധാന്യം നല്ക്കുന്ന താങ്കള്‍ ശിവ്രാജ് മാമായോട് (മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്) ബസുകള്‍ പരിപാടിക്കായി ഉപയോഗിക്കരുതെന്ന് പറയണമെന്ന് ആവശ്യപ്പെടുന്നുണ്ട് കത്തില്‍. അങ്ങനെ ചെയ്യുകയാണെങ്കില്‍ തന്റെ മോദി അങ്കിളിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ അനുയായികള്‍ സ്വയമാണ് എത്തുന്നതെന്ന് കരുത്തോടെ താന്‍ പറയുമെന്നും കത്തില്‍ ദേവാംശ് പറയുന്നു.
Discussion about this post