റിയോ ഡി ജനീറോ: റിയോയില്‍ ഒളിമ്പിക്സിനിടെ ഒളിമ്പിക് വേദിക്ക് സമീപം മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസിന് നേരെ വെടിവെപ്പ്. ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. പ്രധാന വേദിയില്‍ നിന്നും മീഡിയ സെന്ററിലേക്ക് പോയ വാഹനത്തിന് നേരെയാണ് ആക്രമണം നടന്നത്. ഒരു മാധ്യമപ്രവര്ത്തകന് പരുക്കേറ്റു.
റിയോ ഒളിംപിക്സിലെ പ്രധാന വേദിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരുമായി പുറപ്പെട്ട ബസിന് നേരെയാണ് അജ്ഞാത സംഘം ആക്രമണം നടത്തിയത്. റിയോയിലെ ഡിയോഡോറോ ഒളിംപിക് ജില്ലയില്‍ നിന്നും ബെറ ഡ ടിജുകയിലെ പ്രധാന മൈഡിയ സെന്ററിലേക്ക് പുറപ്പെട്ട ബസിന് നേരെയായിരുന്നു ആക്രമണം. റിയോയിലെ കുപ്രസിദ്ധ നഗരമായ സിറ്റി ഓഫ് ഗോഡ് ഫവേലയ്ക്ക് സമീപമാണ് സംഭവം. അതേസമയം, വെടിവെപ്പാണോ അതോ കല്ലേറാണോ ബസിന് നേരെയുണ്ടായതെന്ന് വ്യക്തമല്ലെന്ന് ബസിലുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം ഒളിംപിക് വേദിയില്‍ മീഡിയ സെന്ററിന് നേരെ വെടിവെപ്പുണ്ടായതിന് തൊട്ടുപിന്നാലെയാണ് ബസ് ആക്രമിക്കപ്പെട്ടത്. ബസിന്റെ ഗ്ലാസ് തകര്‍ന്നതോടെ സ്വരക്ഷാര്‍ത്ഥം തങ്ങള്‍ നിലത്ത് അമര്ന്നുകിടന്നതായും രണ്ട് കിലോമീറ്റര്‍ കഴിഞ്ഞ ശേഷം പൊലീസെത്തി സുരക്ഷ ഒരുക്കിയെന്നും അര്‍ജന്റൈന്‍ മാധ്യമപ്രവര്ത്തകന് പറയുന്നു.
ബസിന്റെ രണ്ട് ജനല്‍ പാളികള്‍ തകര്‍ന്നിട്ടുണ്ട്. ബെലാറസില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനാണ് കൈയ്ക്ക് നിസാര പരുക്കേറ്റത്.
Discussion about this post