കോട്ടയം : സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ തെരഞ്ഞെടുത്തു. കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന സമ്മേളനത്തിലാണ് കാനത്തെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്.സെക്രട്ടറി സ്ഥാനത്തേക്ക് കെ. ഇ ഇസ്മായിലും കാനം രാജേന്ദ്രനുമായിരുന്നു മത്സരിച്ചത്. എന്നാല്‍ നേതൃത്വം ഇടപെട്ടതിനെത്തുടര്‍ന്ന് അവസാന നിമിഷം ഇസ്മയില്‍ പിന്മാറുകയായിരുന്നു.
കഴിഞ്ഞ തവണ സി.കെ ചന്ദ്രപ്പന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന സെക്രട്ടറി സ്ഥാനത്തേക്ക് കാനവും ഇസ്മായിലും തമ്മില്‍ മത്സരം വന്നിരുന്നു. എന്നാല്‍ അന്ന് സമവായത്തെ തുടര്‍ന്നാണ് പന്ന്യന്‍ രവീന്ദ്രനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് കാനം രാജേന്ദ്രന് രാഷ്ട്രീയത്തിലെത്തുന്നത്. തീരെ ചെറിയ പ്രായത്തില്‍ തന്നെ ഊര്‍ജസ്വലനായ കാനത്തിന് പ്രധാന പദവികള്‍ കിട്ടി. യുവജന പ്രസ്ഥാനമായ എഐവൈഎഫിന്റെ സംസ്ഥാന സെക്രട്ടറിയാകുമ്പോള്‍ കാനത്തിന് 20 വയസായിരുന്നു പ്രായം . അധികം വൈകാതെ 28-ാമത്തെ വയസില്‍ സിപിഐയുടെ സംസ്ഥാനത്തെ ഉയര്‍ന്ന സമിതിയായ സെക്രട്ടറിയറ്റിലുമെത്തി.ഇതേ സമയത്ത് തന്നെ സിപിഐയുടെ തൊഴിലാളി സംഘടനയായ കെഎസ്ടിയുസിയുടെ സംസ്ഥാന സെക്രട്ടറിയുമായി. ട്രേഡ് യൂണിയന് രംഗത്താണ് കാനം രാജേന്ദ്രന് ആദ്യം മുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.എഐടിയുസിയുടെ സംസ്ഥാന പ്രസിഡന്റുമാണ് കാനം.
Discussion about this post