ലാഹോര്‍: 2009-ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ബസ് ആക്രമിച്ച തീവ്രവാദി സംഘത്തില്‍ ഉള്‍പ്പെട്ട നാല് പേരെ ഏറ്റുമുട്ടലില്‍ വധിച്ചു. ലഷ്‌കര്‍-ഇ-ഝാംഗ്‌വി എന്ന തീവ്രവാദ സംഘടനയില്‍ ഉള്‍പ്പെട്ട നാല് പേരെയാണ് പാകിസ്ഥാന്‍ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചത്. ലാഹോറിലെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ (സി.ഐ.ഡി) ഓഫീസ് ആക്രമിച്ചതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് നാല് പേരും കൊല്ലപ്പെട്ടത്. ഇവര്‍ നാല് പേരും ശ്രീലങ്കന്‍ ടീമിനെ ആക്രമിച്ച സംഘത്തിലും ഉള്‍പ്പെട്ടിരുന്നതായി പാക് പോലീസ് വ്യക്തമാക്കി.
ഏഴംഗ സംഘമാണ് സി.ഐ.ഡി ഓഫീസ് ആക്രമിച്ചത്. നാല് പേരെ ഉടന്‍ വധിച്ചു. മൂന്ന് പേര്‍ രക്ഷപെട്ടു. സുബൈര്‍ എന്ന നായിക് മുഹമ്മദ്, അബ്ദുള്‍ വഹാബ്, അഡ്‌നാന്‍ അര്‍ഷാദ്, അതിഖ്വര്‍ റഹ്മാന്‍ എന്നിവരെയാണ് വധിച്ചത്. ലങ്കന്‍ ക്രിക്കറ്റ് ടീമിനെ ആക്രമിച്ചതിന് പുറമെ 2008ല്‍ മൂണ്‍ മാര്‍ക്കറ്റില്‍ നടന്ന തീവ്രവാദി ആക്രമണത്തിലും ഇവര്‍ ഉള്‍പ്പെട്ടിരുന്നു. ഇവരില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു.
ലങ്കന്‍ ടീമിനെ ആക്രമിച്ച സംഭവത്തില്‍ ലഷ്‌കര്‍-ഇ-ഝാംഗ്‌വിയിലെ ആറ് തീവ്രവാദികള്‍ കുറ്റക്കാരാണെന്ന് പാകിസ്ഥാന്‍ തീവ്രവാദ വിരഒദ്ധ കോടതി വിധിച്ചിരുന്നു.
Discussion about this post