പാലക്കാട്: തെരുവുനായ്ക്കളുടെ കടിയേറ്റ് എത്തിയവര്‍ക്ക് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ നിഷേധിക്കുന്നതായി റിപ്പോര്‍ട്ട്. സൗജന്യമായി നല്‍കേണ്ട മരുന്നിന് പണം ഈടാക്കുന്നുവെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. തെരുവുനായ് ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നിരവധിപ്പേരാണ് ഇവിടെ ചികിത്സതേടി എത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, രണ്ടു ദിവസം കാത്തിരുന്നിട്ടും ആശുപത്രിയില്‍ നിന്നും ചികിത്സ ലഭ്യമാകാത്തവരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, പണവുമായി എത്തുന്നവര്‍ക്ക് ഇവിടെ ചികിത്സ ലഭിച്ചതായും പരാതിയില്‍ പറയുന്നു. 690 രൂപ ഈടാക്കിയാണ് കുത്തിവയ്പ്പ് ലഭ്യമാക്കിയിരുന്നത്.
അതേസമയം, കൂടുതല്‍പ്പേര്‍ പട്ടികടിയേറ്റ് എത്തട്ടേ എന്നും ആറേഴുപേരാകട്ടെ അപ്പോള്‍ കുത്തിവയ്പ്പ് നല്‍കാമെന്നുമാണ് വിഷയത്തില്‍ ആര്.എം.ഒ നല്കിയ വിശദീകരണം. തെരുവുനായയുടെ കടിയേറ്റാല്‍ അടുത്ത മണിക്കൂറുകളില്‍ ലഭിക്കേണ്ട കുത്തിവയ്പ്പാണ് 48 മണിക്കൂര്‍ പിന്നിട്ടിട്ടും നിഷേധിക്കപ്പെടുന്നത്.
സംഭവത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ജില്ലാ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിക്കുകയാണ്.
Discussion about this post