ഡല്‍ഹി: ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യന്‍ താരം യോഗേശ്വര്‍ നേടിയ വെള്ളിമെഡല്‍ സ്വര്‍ണമായി ഉയരാന്‍ സാധ്യത തെളിയുമ്പോള്‍ കായികരംഗവുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ കൊമ്പു കോര്‍ക്കുന്ന മുന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗും പിയേഴ്സ് മോര്‍ഗനും തമ്മിലുള്ള ഒരു പന്തയമാണ് ചര്‍ച്ചയാകുന്നത്. ഇന്ത്യ ഒളിമ്പിക്സ് സ്വര്‍ണ്ണം നേടുന്നതാണോ ഇംഗ്ലണ്ട് ക്രിക്കറ്റ് ലോകകപ്പ് നേടുന്നതാണോ ആദ്യം സംഭവിക്കുക എന്നതായിരുന്നു തര്‍ക്കം.
ഇന്ത്യ ഒരു ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ നേടുന്നതിന് മുമ്പ് ഇംഗ്ലണ്ട് ലോകകപ്പ് കിരീടം ഉയര്‍ത്തുമെന്നാണ് ഇന്ത്യയുടെ റിയോ ഒളിമ്പിക്സ് മെഡല്‍ നേട്ടങ്ങളെ പരിഹസിച്ച് പിയേഴ്സ് മോര്ഗന് പറഞ്ഞത്. ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി നല്‍കേണ്ടി വരുന്ന പത്തുലക്ഷം രൂപയാണ് ബെറ്റ്. ഇംഗണ്ട് ലോകകപ്പ് നേടുന്നതിന് മുമ്പായി ഇന്ത്യ ഒരു ഒളിമ്പിക്സ് സ്വര്‍ണ്ണം കുറിച്ചാല്‍ 10 ലക്ഷം രൂപ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കുമെന്നാണ് പിയേഴ്സ് പ്രഖ്യാപിച്ചത്.
മറിച്ചായാല്‍ സെവാഗ് പണം നല്‍കണം. എന്നാല്‍ ഇന്ത്യ ഒളിമ്പിക്സ് ഹോക്കിയില്‍ നേടിയ എട്ട് സ്വര്‍ണ്ണവും 2008 ബീജിംഗില്‍ അഭിനവ് ബിന്ദ്ര ഷൂട്ടിംഗില്‍ സ്വര്‍ണ്ണം നേടിയതും മനസ്സിലാക്കാതെയായിരുന്നു മോര്‍ഗന്റെ ട്വീറ്റ്. ഇപ്പോളിതാ യോഗേശ്വര്‍ ദത്തിലൂടെ ഇന്ത്യയ്ക്ക് മറ്റൊരു സ്വര്‍ണ മെഡലിലേക്കുള്ള വഴി കൂടി തെളിയുകയാണ്.
62 കിലോ ഗുസ്തിയില്‍ സ്വര്‍ണ മെഡല്‍ ലഭിച്ച അസര്ബൈജാന് താരം തോഗ്റൂല് അസ്ഗാരോവ് ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനാലാണ് യോഗേശ്വറിന് സ്വര്‍ണ മെഡല്‍ ലഭിക്കാന്‍ സാധ്യത തെളിയുന്നത്. യോഗേശ്വറിന് കൂടി സ്വര്‍ണമെഡല്‍ ലഭിക്കുകയാണെങ്കില്‍ ഇന്ത്യന്‍ ആരാധകരുടെ ട്വിറ്റര്‍ ആക്രമണങ്ങളില്‍ പിയേഴ്സ് മോര്ഗന് മുങ്ങിപ്പോകുമെന്ന് ഉറപ്പാണ്.
ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനായ പിയേഴ്സന്റെ പരിഹാസങ്ങള്‍ക്ക് മുന്‍ ക്രിക്കറ്റ് താരം സെവാഗിന്റെ ഉരുളയ്ക്കുപ്പേരി വന്‍ ഹിറ്റായിരുന്നു.
Discussion about this post