സിയോള്‍: ഉത്തരകൊറിയ നടത്തിയ ആണവ പരീക്ഷണത്തെത്തുടര്‍ന്ന് ഉത്തരകൊറിയയില്‍ ഭൂകമ്പം നടന്നതായി റിപ്പോര്‍ട്ടുകള്‍. റിക്ടര്‍ സ്കെയിലില്‍ 5.3 രേഖപ്പെടുത്തിയ കൃത്രിമ ഭൂകമ്പം ഉണ്ടായതായിട്ടാണ് റിപ്പോര്‍ട്ട്. രാജ്യത്ത് ഉത്തര കൊറിയ ആണവ ബോംബ് പരീക്ഷണം നടത്തിയതാണെന്ന് ദക്ഷിണ കൊറിയയും ആരോപിച്ചിട്ടുണ്ട്.
‘കൃത്രിമ’ ഭൂകമ്പമാണിതെന്നും അഞ്ചാമത്തെ ആണവ പരീക്ഷണമാണ് ഉത്തര കൊറിയ നടത്തിയതെന്നും ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂകമ്പത്തിന് സമാനമായുള്ള പ്രകമ്പനം ഉത്തര കൊറിയന്‍ മേഖലയില്‍ അനുഭവപ്പെട്ടതായി അമേരിക്കന്‍ ഭൂമിശാസ്ത്ര സര്‍വേയും സ്ഥിരീകരിച്ചിട്ടുണ്ട്. പരീക്ഷണം നടന്നത് ഉത്തര കൊറിയയിലെ പംഗീരിയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉപഗ്രഹ ചിത്രങ്ങളുടെയും രഹസ്യാന്വേഷണ വിവരത്തിന്റേയും അടിസ്ഥാനത്തിലാണ് ഇത് കണ്ടെത്തിയത്. മുമ്പും ഇവിടെ തന്നെയാണ് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയിട്ടുള്ളത്.
ഉത്തര കൊറിയ മുമ്പ് ആണവ പരീക്ഷണം നടത്തിയ സ്ഥലത്തിനടുത്തുണ്ടായ ഭൂകമ്പം ദക്ഷിണ കൊറിയയെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇതോടെ ഉത്തരകൊറിയയ്ക്ക് മേല്‍ ആണവ, ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളെ തുടര്‍ന്നുണ്ടായിരുന്ന ഉപരോധം കൂടുതല്‍ ശക്തമായേക്കും. സംഭവത്തെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ദക്ഷിണകൊറിയ ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം അടിയന്തരമായി വിളിച്ച് ചേര്‍ത്തിട്ടുണ്ട്. കിം ഇല് സുങ് എന്ന കമ്യൂണിസ്റ്റ് നായകനു കീഴില്‍ വിപ്ലവം നടത്തി സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഉത്തര കൊറിയ ഏകദേശം 60 വര്‍ഷങ്ങളായി ഒറ്റപ്പെട്ടു കഴിയുകയാണ്. കിം ഇല് സുങ്ങിനു പിന്നാലെ കുടുംബഭരണമാണ് ഉത്തര കൊറിയയില്‍ അരങ്ങേറിയത്.
Discussion about this post