ബംഗുളൂരു : കാവേരി നദീജല പ്രശ്നത്തില്‍ തമിഴ്നാട്ടിലും കര്‍ണ്ണാടകത്തിലും വ്യാപക അക്രമം. സംഘര്‍ഷം അക്രമാസക്തമായതിനെ തുടര്‍ന്ന് ബംഗുളൂരു-മൈസൂര്‍ റോഡ് അടച്ചു. ബംഗുളൂരുവില്‍ പ്രതിഷേധക്കാര്‍ തമിഴ്നാട് ലോറികള്‍ കത്തിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്നും ബംഗുളൂരുവിലേയ്ക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു.
48 കെ.എസ്.ആര്.ടി.സി വോള്‍വോ ബസുകള്‍ ബംഗുളൂരുവില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. 29 പ്രതിദിന സര്‍വീസുകളും ഓണം സ്പെഷ്യല്‍ 19 സര്‍വീസുകളും റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്. മതിയായ സുരക്ഷ ലഭിച്ചാല്‍ മാത്രമേ തുടര്‍ സര്‍വീസ് ഉണ്ടാകൂ എന്നാണ് വിവരം. വിഷയത്തില്‍ കര്‍ണ്ണാടക ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന് അറിയിച്ചിട്ടുണ്ട്.
ഇതിനിടെ, ചെന്നൈയില്‍ കര്‍ണ്ണാടക ഹോട്ടലുകള്‍ക്ക് നേരെ വ്യാപക അക്രമമാണ് അഴിച്ചുവിട്ടിരിക്കുന്നത്. പുതുച്ചേരിയില്‍ കര്‍ണ്ണാടക ബാങ്കിനു നേരെയും അക്രമം ഉണ്ടായി. സംഘര്‍ഷത്തെ തുടര്‍ന്ന് ബംഗുളൂരുവിലെ സ്കൂളുകള്‍ അടച്ചു. മെട്രോ സര്‍വീസുകളും തടസപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
സംഘര്‍ഷത്തെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി ബെംഗളൂരില്‍ നിന്ന് സേലം വഴി കേരളത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ റദ്ദാക്കി. ഒമ്പത് ബസുകളാണ് ഇതുവഴി സര്‍വീസ് നടത്തുന്നത്. സംഘര്‍ഷം തുടര്‍ന്നാല്‍ ബെംഗളൂരുവില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കും. കര്‍ണാകടയില്‍ നിന്ന് തമിഴ്നാട്ടിലേക്കുള്ള കര്‍ണാടക ആര്‍ടിസി ബസ് സര്‍വീസുകളും നിര്‍ത്തിവെച്ചിട്ടുണ്ട്.
ബെംഗളൂരുവില്‍ തമിഴ്നാട്ടുകാര്‍ കൂടുതലായി താമസിക്കുന്ന ഇന്ദിരാ നഗര്‍, കെആര്‍ നഗര്‍, പ്രകാശ് നഗര്‍, ഫ്രാസെര്‍ ടൗണ്‍, ആര്‍ടി നഗര്‍, താനാരി റോഡ്, ഹെഗ്ഡെ നഗര്‍, ശ്രീരാംപുര, ഖലാസി പാളയം എന്നിവിടങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബെംഗളൂരുവിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉച്ചയോടെ അടച്ചിരുന്നു.
തമിഴ്നാട്ടില്‍ കര്‍ണാടക സ്വദേശികളുടെ വാഹനങ്ങളും ഹോട്ടലുകളും അജ്ഞാതര്‍ കത്തിച്ചു. ചെന്നൈ അണ്ണാ നഗറിലെ കര്‍ണാടക ബാങ്ക് ശാഖയ്ക്ക് നേരെ കല്ലേറുണ്ടായി. തിങ്കളാഴ്ച രാവിലെ ചെന്നൈയിലെ ന്യൂ വുഡ്ലാന്‍ഡ്സ് ഹോട്ടലിന് നേരെ അജ്ഞാതര്‍ പെട്രോള്‍ ബോംബ് എറിഞ്ഞു.
ഇന്ന് പുലര്‍ച്ചെ 3.15 നായിരുന്നു ആക്രമണം നടന്നത്. സംഘമായെത്തിയ ഒരു വിഭാഗം ഹോട്ടലിനു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കര്‍ണാടകയില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശികള്‍ക്കെതിരെയുളള അക്രമങ്ങള്‍ തുടരുകയാണെങ്കില്‍ തമിഴ്നാട്ടിലുളള കര്‍ണാടക സ്വദേശികള്‍ക്കും സമാന അക്രമങ്ങള്‍ നേരിടേണ്ടി വരുമെന്ന് അറിയിച്ചുകൊണ്ടുളള ഒരു കുറിപ്പും അജ്ഞാതര്‍ ഹോട്ടലിന് മുന്നില്‍ പതിച്ചു.
കന്നഡ സിനിമാ താരങ്ങള്‍ക്കെതിരായി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരില്‍ തമിഴ് വിദ്യാര്‍ത്ഥിയെ ബെംഗളൂരുവില്‍ മര്‍ദ്ദിച്ചവശനാക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. ബെംഗളുരു, മൈസൂരു, ഹൂബഌ എന്നിവിടങ്ങളില്‍ തമിഴ്നാട് സ്വദേശികളുടെ വാഹനങ്ങളും കടകളും അക്രമികള്‍ കത്തിച്ചു. ബെംഗളൂരു സാറ്റ്ലൈറ്റ് ബസ്സ്റ്റേഷനിലെ തമിഴ്നാട്ടുകാരുടെ ഭക്ഷണശാലയായ അഡയാര്‍ ആനന്ദഭവനില്‍ കൈയേറ്റമുണ്ടായി. അഞ്ച് വാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഉത്തരവ് റദ്ദാക്കണമെന്ന കര്‍ണാടകത്തിന്റെ പുന:പരിശോധനാ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് തമിഴ്നാട്ടില്‍ കര്‍ണാടകക്കാര്‍ക്ക് നേരെ വ്യാപക അക്രമമുണ്ടായിരിക്കുന്നത്.
ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി കര്‍ണാടകത്തിന്റെ ആവശ്യം തള്ളി. എന്നാല്‍ പ്രതിദിനം 15,000 ഘനയടി ജലം തമിഴ്നാടിന് നല്‍കണമെന്ന മുന്‍ ഉത്തരവിലെ നിര്‍ദേശം 12,000 ഘനയടി ജലമായി കോടതി കുറച്ചിട്ടുണ്ട്.
Discussion about this post