ഗുഡ്ഗാവണ്: ആയുധം കൈവശം വെക്കാന്‍ ലൈസന്‍സ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹരിയാനയിലെ ഗുഡ്ഗാവണിലുള്ള ഗോരക്ഷകര്‍. ആയുധധാരികളായ പശു കടത്തുക്കാരില്‍ നിന്നും ഭീഷണി ഉയരുന്ന സാഹചര്യത്തിലാണ് ആയുധ ലൈസന്‍സ് ആവശ്യപ്പെട്ട് ഗോരക്ഷകര്‍ രംഗത്തെത്തിയിരിക്കുന്നത്. രാത്രിയില്‍ പശു കടത്തുകാരെ തടയാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നും ആരോപണമുണ്ട്. തങ്ങള്‍ക്ക് നേരെ നിരവധി തവണ വെടിവെപ്പ് ഉണ്ടായെന്നും പരാതിയുണ്ട്.
പശുകടത്തുകാരില് കുറഞ്ഞത് പത്ത് പേരെങ്കിലും ഉണ്ടാകാറുണ്ടെന്നും അവരെല്ലാം ആയുധധാരികളാണെന്നും ഹരിയാന ഗോരക്ഷക് ഗ്രൂപ്പിന്റെ തലവന്‍ ധര്‍മ്മേന്ദ്ര യാദവ് പറയുന്നു. താന്‍ മൂന്ന് തവണ അവരുടെ ആക്രമണത്തിന് ഇരയായി. അതിനാലാണ് ആയുധ ലൈസന്‍സിനും പൊലീസ് സുരക്ഷയ്ക്കും അപേക്ഷിച്ചിരിക്കുന്നതെന്നും ധര്‍മ്മേന്ദ്ര കൂട്ടിചേര്‍ത്തു. മുസ്ലീം ഭൂരിപക്ഷ ജില്ലയായ മേവത്തില്‍ പൊലീസ് നടത്തിയ ബീഫ് ബിരിയാണി റെയ്ഡ് വിവാദമായതിന് പിന്നാലെയാണ് ഗോരക്ഷകര്‍ ആയുധ ലൈസന്‍സിന് തേടിയിരിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത്.
ഒരു വര്‍ഷം മുമ്പാണ് യാദവ് ആയുധ ലൈസന്‍സിന് അപേക്ഷിച്ചത്. പക്ഷെ ഇതുവരെ ലഭിച്ചിട്ടില്ല. ലൈസന്‍സ് ലഭിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന് കത്തെഴുതിയിട്ടുണ്ടെന്നും യാദവ് പറഞ്ഞു.
എന്നാല്‍ പശു കടത്തുകാരില്‍ നിന്നും സ്വയരക്ഷതേടാന് ആര്‍ക്കും ആയുധം കൈവശം വെക്കാനുള്ള ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് ഗുഡ്ഗാവണ് പൊലീസ് കമ്മീഷണര്‍ സന്ദീപ് ഖിര്‍വാര്‍ പറഞ്ഞു. അപേക്ഷിച്ചവരുടെ ആവശ്യം ന്യായമെങ്കില്‍ മാത്രമേ ആയുധ ലൈസന്‍സ് നല്‍കൂ എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post