വാഷിംഗ്ടണ്‍: ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന് നയത്തിനെതിരെ അമേരിക്ക വീണ്ടും രംഗത്ത്. രാജ്യത്ത് സൈ്വര വിഹാരം നടത്തുന്ന എല്ലാ ഭീകര സംഘടനകള്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ഭീകരവാദം കയറ്റുമതി ചെയ്യുന്ന പാകിസ്ഥാനെതിരെ യുഎന്‍ പൊതുസഭയില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് തുറന്നടിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് അമേരിക്കയുടെ ഇടപെടല്‍. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന് നിലപാട് എത്രയും വേഗം അവസാനിപ്പിക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാര്‍ക് സി.റ്റോണര്‍ ആവശ്യപ്പെട്ടു.
അയല്‍ രാജ്യങ്ങള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന ഭീകരസംഘടനകള്‍ പാകിസ്ഥാനില്‍ സ്വൈര വിഹാരം നടത്തുകയാണ്. ഏതൊരു ഭീകരന്റെയും അഭയകേന്ദ്രമായി രാജ്യം മാറിക്കഴിഞ്ഞു. ഭീകരരോടുള്ള മൃദുസമീപനം തിരുത്താന്‍ ഭരണകൂടം അടിയന്തരമായി തയ്യാറാകണമെന്നും റ്റോണര്‍ പറഞ്ഞു.
ഉറി ഭീകരാക്രമണത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ലോക രാജ്യങ്ങളുടെ തീരുമാനത്തിന് കൂടുതല്‍ കരുത്ത് പകരുന്നതാണ് അമേരിക്കയുടെ നീക്കം. ഭീകരരെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്രസഭ ശക്തമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ അന്താരാഷ്ട്ര സമൂഹം കനത്ത വില നല്‍കേണ്ടിവരുമെന്ന് സുഷമ സ്വരാജ് യുഎന്‍ പൊതുസഭയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Discussion about this post