ഇസ്ലാമാബാദ്: ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ബോളിവുഡ് ചലച്ചിത്രം ‘ ധോണി ദ അണ്‍റ്റോള്‍ഡ് സ്റ്റോറി’ പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കില്ല. നേരത്തെ പാക്കിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഎംജിസി വിതരണ കമ്പനി ചലച്ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചെങ്കിലും അവസാന നിമിഷത്തില്‍ തീരുമാനം പിന്‍വലിക്കുകയായിരുന്നു. ഇരു രാജ്യങ്ങള്‍ തമ്മില്‍ ബന്ധം വഷളായിരിക്കുന്നതിനാല്‍ ധോണിയുടെ ചിത്രം പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിച്ചാല്‍ സാമ്പത്തികമായി ഏറെ പരാജയപ്പെടുമെന്ന് വിതരണക്കമ്പനിയുടെ ചെയര്മാന് അഹമ്മദ് റഷീദ് അറിയിച്ചു.
അതേ സമയം പാക് താരങ്ങള്‍ ഇന്ത്യ വിടണം എന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന ആവശ്യപ്പെട്ടതിനുള്ള മറുപടിയായാണ് ഈ തീരുമാനമെന്നാണ് സിനിമാ ലോകം വിലയിരുത്തുന്നത്. കശ്മീര്‍ പ്രശ്നം തീരുന്നതുവരെ ഇന്ത്യയില്‍ നിന്നുമുള്ള എല്ലാ സിനിമകളും പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് സപ്തംബര്‍ 23ന് ലാഹോര്‍ ഹൈക്കോര്‍ട്ടില്‍ ഒരു പൊതു ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
നീരജ് പാണ്ഡെ സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തില്‍ ബോളിവുഡ് യുവനടന് സുശാന്ത് സിങ് രാജ്പുതാണ് ധോണിയായി വേഷമിടുന്നത്.
Discussion about this post