ഡല്‍ഹി: മുന്‍ ആര്.ജെ.ഡി എം.പി മുഹമ്മദ് ഷഹാബുദ്ദീന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. ഷഹാബുദ്ദീനെ ഉടന്‍ കസ്റ്റഡിയിലെടുക്കണമെന്നും കോടതി ഉത്തരവിട്ടു. ഷഹാബുദ്ദീന് നിയമം അനുസരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണാണ് സുപ്രീംകോടതിയെ സമീപിച്ചത്. 11 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം സെപ്റ്റംബര്‍ 7നാണ് ഷഹാബുദ്ദീന് ജയില്‍ മോചിതനായത്.
രാജീവ് റോഷന് വധക്കേസില്‍ പട്ന ഹൈകോടതി ജാമ്യം അനുവദിച്ചതോടെയാണ് ഷഹാബുദ്ദീന് പുറത്തിറങ്ങിയത്. സഹോദരങ്ങളായ ഗിരീഷ് രാജ്, സതീഷ് രാജ് എന്നിവര്‍ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിന്റെ ദൃക്സാക്ഷിയായിരുന്നു കൊല്ലപ്പെട്ട രാജീവ് റോഷന്. പല കേസുകളിലും ഷഹാബുദ്ദീന് വിചാരണ നേരിടുകയാണ്. കൊലപാതകമടക്കം 50 കേസുകള്‍ ചുമത്തിയാണ് ഷഹാബുദ്ദീനെ 2005-ല്‍ അറസ്റ്റ് ചെയ്തത്.
ഷഹാബുദ്ദീന് ജാമ്യം ലഭിച്ചതിനെ എതിര്‍ത്ത് ബി.ജെ.പി രംഗത്തുവന്നിരുന്നു. ജാമ്യവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നാടകം കളിക്കുകയാണെന്ന് ബി.ജെ.പി നേതാവ് സുശീല്‍കുമാര്‍ മോദി ആരോപിച്ചിരുന്നു. ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ മുതിര്‍ന്ന അഭിഭാഷകനെ നിയോഗിക്കുന്നതില്‍ സര്‍ക്കാര്‍ കാട്ടിയ അനാസ്ഥയാണ് ജാമ്യം ലഭിക്കുന്നതിന് കാരണമായതെന്നും വിവിധ കേസുകളിലായി കീഴ്കോടതികളില്‍നിന്ന് ഷഹാബുദ്ദീന് ലഭിച്ച ജാമ്യം ഉയര്‍ന്ന കോടതികളില്‍ സര്‍ക്കാര്‍ എതിര്‍ക്കാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചിരുന്നു.
അതേസമയം, നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നായിരുന്നു ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ പറഞ്ഞത്. ജാമ്യം ലഭിച്ചത് നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post