ചെന്നൈ: കശ്മീരിലെ ഉറി ഭീകരാക്രമണത്തിനു പകരമായി പിഒകെയിലെ ഭീകരക്യാമ്പുകള്‍ തകര്‍ത്ത സൈന്യത്തിന്റെ നടപടിക്ക് പിന്നാലെ പാകിസ്ഥാനിലെ വെബ്‌സൈറ്റുകളും തകര്‍ക്കാന്‍ ഇന്ത്യന്‍ ഹാക്കര്‍മാര്‍ ഒരുങ്ങുന്നതായി സൂചന. കേന്ദ്ര സര്‍ക്കാറിന്റെ പച്ചക്കൊടി ലഭിച്ചാല്‍ പാകിസ്ഥാന്റെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത് തകര്‍ക്കാന്‍ തങ്ങള്‍ സജ്ജമാണെന്ന് സൈബര്‍ സുരക്ഷ വിദഗ്ധര്‍ അറിയിച്ചു.
നിയന്ത്രണ രേഖകളില്ലാത്ത സൈബര്‍ ലോകത്തെ ആക്രമണം സര്‍ജിക്കല്‍ സ്‌ട്രൈക്കിനേക്കാള്‍ ആഘാതമേല്‍പ്പിക്കുന്നവയാകാം. പത്താന്‍കോട്ട് ആക്രമണത്തിനു ശേഷം നിര്‍ണ്ണായകമായ വെബ്‌സൈറ്റുകളിലേക്ക് ‘നുഴഞ്ഞുകയറാന്‍’ തങ്ങള്‍ ശ്രമിക്കുകയാണെന്ന് ദേശീയ സൈബര്‍ സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എസ് അമര്‍ പ്രസാദ് റെഡ്ഡി പറഞ്ഞു. പാകിസ്താന്റെ ‘.gov.pk’ എന്ന ടോപ്പ്‌ലെവല്‍ ഡൊമൈനിനു കീഴിലുള്ള എല്ലാ വെബ്‌സൈറ്റുകളിലേക്കും കടക്കാനുള്ള പഴുതുകള്‍ തങ്ങളുടെ കൈവശം ഉണ്ട്. എന്നാല്‍ ഇതിന് കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശം തങ്ങള്‍ക്ക് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സൈബര്‍ സേനയിലെ ഒരു വിദഗ്ധ ഹാക്കര്‍ പാകിസ്ഥാന്റെ ഡാറ്റബേസില്‍ കടന്നുകയറി എത്രത്തോളം ദുര്‍ബലമാണ് അവരുടെ വെബ്‌സൈറ്റുകള്‍ എന്ന് തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യന്‍ വെബ്‌സൈറ്റുകളെ പറ്റി ആശങ്ക വേണ്ടെന്നും ഇദ്ദേഹം അറിയിച്ചു. ‘ഹണിപോട്ട്’ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇന്ത്യന്‍ സൈറ്റുകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നത്. ഇവയെ ആക്രമിക്കുക എന്നത് എളുപ്പമല്ല. എന്നാലും സൈബര്‍ സേനയെ ശക്തിപ്പെടുത്തണമെന്നാണ് സര്‍ക്കാറിനോട് പറയാനുള്ളത്. നമ്മുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതിന് 10 ലക്ഷം സൈബര്‍ സുരക്ഷ വിദഗ്ധരെയെങ്കിലും ആവശ്യമാണെന്നും റെഡ്ഡി കൂട്ടിച്ചേര്‍ക്കുന്നു.
Discussion about this post