ഇസ്ലാമാബാദ്: കശ്മീരിലെ ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ആഗോള തലത്തിലും നയതന്ത്ര തലത്തിലും ഒറ്റപ്പെട്ട പാകിസ്ഥാന് ഒടുവില്‍ തീവ്രവാദികള്‍ക്കെതിരെ നടപടി എടുക്കാന്‍ ഒരുങ്ങുന്നതായി പാക് ദിനപത്രമായ ഡോണ്‍ ന്യൂസിന്റെ റിപ്പോര്‍ട്ട്. ഉറിയില്‍ ആക്രമണം നടത്തിയ ജെയ്ഷെ മുഹമ്മദ് ഭീകരര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് സൈന്യത്തിനും രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയ്ക്കും നിര്‍ദ്ദേശം നല്‍കിയതായി സര്‍ക്കാരിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ചൊവ്വാഴ്ച നവാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ രഹസ്യയോഗം ചേര്‍ന്നാണ് തീരുമാനം കൈക്കൊണ്ടത്. യോഗത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സൈനിക ഉദ്യോഗസ്ഥരും തമ്മില്‍ ശക്തമായ വാഗ്വാദമുണ്ടായി. ഉറി ആക്രമണം ആഗോള തലത്തില്‍ തന്നെ പാകിസ്ഥാനെ പ്രതിസന്ധിയിലാക്കിയെന്ന് വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരി പറഞ്ഞു.
19 ഇന്ത്യന്‍ സൈനികരുടെ മരണത്തിനിടയായ ആക്രമണത്തെ തുടര്‍ന്ന് നയതന്ത്ര തലത്തില്‍ പാകിസ്ഥാന് ഒറ്റപ്പെടുകയാണ്. ലോകരാജ്യങ്ങളിലെ ഭൂരിഭാഗവും പാകിസ്ഥാന് എതിരായിട്ടുണ്ട്. സാര്‍ക് ഉച്ചകോടിയില്‍ നിന്ന് പല രാജ്യങ്ങളും ഇന്ത്യയുടെ പാത പിന്തുടര്ന്ന് പിന്മാറി. തുടര്‍ന്ന് ഉച്ചകോടി മാറ്റി വയ്ക്കേണ്ടി വന്നതു പോലും പാകിസ്ഥാന് മാനക്കേടുണ്ടാക്കി.
ഇനി തീവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കാതെ മുന്നോട്ട് പോവാനാവില്ല. തീവ്രവാദികള്‍ക്കെതിരായി നടപടി എടുക്കുന്നതിന് സൈനിക നേതൃത്വവും സുരക്ഷാ ഏജന്‍സികളും തയ്യാറായേ പറ്റൂ. എങ്കില്‍ മാത്രമെ പത്താന്‍കോട്ട് ആക്രമണത്തിലെ അന്വേഷണം പൂര്‍ത്തിയാക്കാനും മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ അറസ്റ്റിലായവരുടെ വിചാരണ പുനരാരംഭിക്കാനാവു എന്നും ചൗധരി വ്യക്തമാക്കി. ചൈന പിന്തുണക്കുന്നുണ്ടെങ്കില്‍ കൂടി ഇനിയെങ്കിലും പാകിസ്ഥാന് പ്രവര്‍ത്തനരീതി മാറ്റണമെന്നതിന്റെ സൂചന നല്‍കുന്നുമുണ്ട്.
ഹഖാനി തീവ്രവാദി ശൃഖംലയ്ക്കെതിരെ നടപടിയെടുക്കണമെന്ന അമേരിക്കയുടെ ആവശ്യവും ചൗധരി യോഗത്തില്‍ സൂചിപ്പിച്ചു. ജയ്ഷെ മുഹമ്മദ് തീവ്രവാദി മസൂദ് അസഹറിന് വിലക്കേര്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുന്ന ചൈന, പക്ഷേ അത് ആവര്‍ത്തിച്ച് ചെയ്യുന്നതിലെ യുക്തിയെ ചോദ്യം ചെയ്യുന്നുണ്ടെന്നും ചൗധരി പറഞ്ഞു.
ചൗധരിയുടേയും പാക് സര്‍ക്കാരിന്റേയും അതിരൂക്ഷ വിമര്‍ശനത്തെ തുടര്‍ന്ന് ഐ.എസ്.ഐ ഡയറക്ടര്‍ ജനറല്‍ റിസ്വാന് അക്തറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നസീര്‍ ജനൂജയും പഞ്ചാവ്, സിന്ധ്, ഖൈബര്‍ പഖ്തുന്ഖ്വാവ, ബലൂചിസ്ഥാന്‍ പ്രവിശ്യകള്‍ സന്ദര്‍ശിക്കും. തീവ്രവാദികള്‍ക്കു നേരെ കര്‍ശന നടപടി വേണമെന്ന് ഐ.എസ്.ഐയുടെ കമാന്‍ഡര്‍മാര്‍ക്കും പ്രവിശ്യാ ഭരണകൂടത്തിനും ഇരുവരും നിര്‍ദ്ദേശം നല്‍കും.
Discussion about this post