പട്ന: ബിഹാറിലെ ഒബ്ര ഗ്രാമം ചൈനീസ് വസ്തുക്കള്‍ക്കു വിലക്കേര്‍പ്പെടുത്തി. ചൈനയില്‍ നിര്‍മ്മിച്ച വസ്തുക്കളൂടെ വില്പനയും ഉപയോഗവും നിരോധിച്ച് ഗ്രാമക്കോടതിയാണ് ഉത്തരവിട്ടത്. നിയമം ലംഘിക്കുന്നവര്‍ക്കു പിഴശിക്ഷ ചുമത്തും. ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാനെ സഹായിക്കുന്ന ചൈനയെ ശത്രുരാജ്യമായി പ്രഖ്യാപിച്ചാണ് ഗ്രാമക്കോടതിയുടെ നടപടി. രാജ്യത്തുതന്നെ ആദ്യമായാണ് ഒരു ഗ്രാമക്കോടതി ചൈനീസ് സാധനങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തുന്നത്.
ഗ്രാമക്കോടതിയിലെ അംഗങ്ങളെയും ജനങ്ങളെയും വിളിച്ചുചേര്‍ത്താണ് ഈ തീരുമാനമെടുത്തതെന്നു ഗ്രാമത്തിലെ സര്‍പാഞ്ച് ഗുഡിയ ദേവി പറഞ്ഞു. ഒബ്രയില്‍ ചൈനീസ് സാധനങ്ങള്‍ വില്‍ക്കുന്ന രണ്ടു ഡസനോളം കടകളുണ്ട്. ഉല്‍സവ സീസണുകളില്‍ അവിടെ ലക്ഷക്കണക്കിന് രൂപയുടെ ചൈനീസ് സാധനങ്ങളാണ് വില്‍ക്കപ്പെടുന്നതെന്നും ഗുഡിയ ദേവി പറഞ്ഞു. കളിപ്പാട്ടങ്ങളുടെയും കൗതുകവസ്തുക്കളും നിത്യോപയോഗ സാധനങ്ങളുമടക്കം വന്‍തോതിലാണ് ഇന്ത്യയിലെത്തുന്നത്. വിലക്കുറവ് ഉള്ളതിനാല്‍ ഇവ വന്‍തോതില്‍ വിറ്റുപോകുന്നുമുണ്ട്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളും പട്ടണപ്രാന്തങ്ങളുമാണ് ഇവയുടെ പ്രധാനവിപണി.
Discussion about this post